ചരിത്രം കുറിച്ച് കാര്‍ലോസ് അല്‍കരാസ്; യുഎസ് ഓപ്പണ്‍ കിരീടം പത്തൊന്‍പതുകാരന്

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കരാസിന്. ഫൈനല്‍ പോരാട്ടത്തില്‍ നോര്‍വെയുടെ കാസ്പര്‍ റൂഡിനെ പരാജയപ്പെടുത്തിയാണ് പത്തൊന്‍പതുകാരനായ അല്‍കരാസ് തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 6-4, 2-6, 7-6, 6-3.

ഇതോടെ പുരുഷ ടെന്നിസില്‍ ലോക ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും അല്‍കരാസിനെ തേടിയെത്തി. ചരിത്രത്തില്‍ ആദ്യമായാണ് ടീനേജ് താരം പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ ആകുന്നത്. 2001-ല്‍ 20-ാം വയസില്‍ ഒന്നാം നമ്പറായ ഓസ്‌ട്രേലിയക്കാരന്‍ ലെയ്ട്ടന്‍ ഹ്യുയിറ്റിന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്.

റാഫേല്‍ നദാലിനെയടക്കം അട്ടിമറിച്ചെത്തിയ യു.എസ് താരം ഫ്രാന്‍സിസ് ടിഫോയെ സെമിയില്‍ തോല്‍പിച്ചാണ് അല്‍കരാസ് തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം ഫൈനലിന് യോഗ്യത നേടിയത്. റഷ്യയുടെ കാരന്‍ ഖചനോവിനെ തോല്‍പിച്ചാണ് അഞ്ചാം സീഡ് കാസ്പര്‍ റൂഡിന്റെ ഫൈനല്‍ പ്രവേശം. റൂഡിന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്.