കോമണ്‍വെല്‍ത്ത് ഗെയിംസ് ജേതാക്കള്‍ക്ക് സര്‍ക്കാരിന്റെ പാരിതോഷികം; എല്‍ദോസ് പോളിന് 20 ലക്ഷം, വെള്ളി നേടിയവര്‍ക്ക് 10 ലക്ഷം

തിരുവനന്തപുരം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ മലയാളി കായികതാരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വെള്ളി നേടിയവര്‍ക്ക് 10 ലക്ഷം രൂപയും നല്‍കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ചെസ് ഒളിംപ്യാഡ് ജേതാക്കള്‍ക്കും സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. നിഹാല്‍ സരിന് 10 ലക്ഷം രൂപയും എസ്.എല്‍.നാരായണന് അഞ്ച് ലക്ഷം രൂപയും നല്‍കും. വിജയികള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും.

പുരുഷ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണ്ണം നേടിയ എല്‍ദോസ് പോള്‍, വെള്ളി നേടിയ അബ്ദുല്ല അബൂബക്കര്‍, പുരുഷ ലോങ്ജംപില്‍ വെള്ളി നേടിയ എം.ശ്രീശങ്കര്‍, ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ വെള്ളിയും വനിതാ ഡബിള്‍സില്‍ വെങ്കലവും നേടിയ ട്രീസ ജോളി, പുരുഷ ഹോക്കിയില്‍ വെള്ളി നേടിയ പി.ആര്‍.ശ്രീജേഷ് എന്നിവരാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ മലയാളി മെഡല്‍ ജേതാക്കള്‍.