മാഗ്നസ് കാള്‍സണെ മുട്ടുകുത്തിച്ച 17കാരന്‍; അത്ഭുതമായി ഇന്ത്യന്‍ താരം പ്രഗ്നാനന്ദ

മിയാമി: ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ കീഴടക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍.പ്രഗ്നാനന്ദ. മിയാമിയില്‍ നടന്ന ക്രിപ്‌റ്റോ കപ്പ് ചാമ്പ്യന്‍ഷിപ്പിലാണ് അഞ്ച് തവണ ലോകചാമ്പ്യനായ നോര്‍വീജിയന്‍ താരത്തെ പ്രഗ്നാനന്ദ തോല്‍പ്പിച്ചത്. ഒരു വര്‍ഷത്തിനിടെ കാള്‍സണെതിരെ നേടുന്ന ഇന്ത്യന്‍ താരത്തിന്റെ മൂന്നാമത് വിജയമാണിത്. ഫെബ്രുവരിയില്‍ എയര്‍തിങ് മാസ്റ്റേഴ്‌സിലും മേയില്‍ ചെസബിള്‍ മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപ്പിഡ് ടൂര്‍ണമെന്റിലും പ്രഗ്നാനന്ദ ജയിച്ചിരുന്നു.

പ്രഗ്നാനന്ദയോട് തോറ്റെങ്കിലും മറ്റു മത്സരങ്ങളിലെ ജയത്തിന്റെ അടിസ്ഥാനത്തില്‍ കാള്‍സണ്‍ ഒന്നാം സ്ഥാനത്തെത്തി. വിജയത്തിന്റെ വക്കിലെത്തിയ ശേഷമാണ് കാള്‍സണ് അടിതെറ്റിയത്. സ്വയം വരുത്തിയ അബദ്ധങ്ങള്‍ തിരിച്ചടിച്ചപ്പോള്‍ പ്രഗ്നാനദ അവസരം മുതലെടുത്ത് വിജയം പിടിച്ചെടുക്കുകയായിരുന്നു.

പ്രഗാ്‌നാനന്ദയുടെ ചരിത്രവിജയത്തിന് പിന്നാലെ മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങി നിരവധി പ്രഗത്ഭര്‍ ഈ കൊച്ചുമിടുക്കനെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു. പതിനേഴാം വയസ്സില്‍ തന്നെ ഇത്തരമൊരു നേട്ടം കൈവരിച്ച പ്രഗ്നാനന്ദ ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്തിയിരിക്കുകയാണ്.

ചെന്നൈ സ്വദേശികളായ നാഗലക്ഷ്മിയുടെയും രമേഷ്ബാബുവിന്റെയും മകനായി 2005-ലായിരുന്നു പ്രഗ്നാനന്ദയുടെ ജനനം. ഗ്രാന്‍ഡ് മാസ്റ്റര്‍ പട്ടം നേടിയ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെയാളാണ് . ആര്‍.ബി.രമേശിന് കീഴില്‍ ചെസ് പരിശീലനം ആരംഭിച്ച പ്രഗ്നാനന്ദ, 2013-ലെ വേള്‍ഡ് യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം വയസ്സില്‍ അണ്ടര്‍ 8 ടൈറ്റിലും 2015-ല്‍ അണ്ടര്‍ 10 ടൈറ്റിലും നേടിയിട്ടുണ്ട്.