ദേഹാസ്വാസ്ഥ്യം: സംവിധായകന്‍ ഭാരതിരാജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകന്‍ ഭാരതിരാജയെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസമായി ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന അദ്ദേഹം ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ചൊവ്വാഴ്ചയാണ് ടി നഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിര്‍ജ്ജലീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണമായത്.

കഴിഞ്ഞ ആഴ്ച മധുരയിലായിരുന്ന ഭാരതിരാജയ്ക്ക് അവിടെവെച്ച് ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. വിമാനത്താവളത്തില്‍ വെച്ച് ബോധരഹിതനായി വീഴുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചെന്നൈയിലെത്തിയ അദ്ദേഹം വിശ്രമത്തിലായിരുന്നു. അതേസമയം ഭാരതിരാജയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും കുറച്ചുദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

നിരവധി ആരാധകരും സിനിമാ മേഖലയിലെ പ്രമുഖരും അദ്ദേഹത്തിന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ കഴിയട്ടെ എന്ന് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ആശംസകള്‍ അറിയിക്കുന്നുണ്ട്.