വനിതാ ക്രിക്കറ്റ് താരം ജുലന്‍ ഗോസ്വാമി വിരമിക്കല്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജുലന്‍ ഗോസ്വാമി വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയോടെ താരം അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിനോട് വിടപറയും. ലോകത്തിലെ ഏറ്റവും മികച്ച വനിതാ ബൗളര്‍മാരില്‍ ഒരാളായ ജൂലന്‍ സെപ്റ്റംബര്‍ 24-ന് ലോര്‍ഡ്‌സില്‍ തന്റെ അവസാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിക്കും.

വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തി റെക്കോര്‍ഡിട്ട താരമാണ് ജൂലന്‍. മൂന്ന് ഫോര്‍മാറ്റുകളിലുമായി 352 വിക്കറ്റുകളാണ് ജൂലന്‍ വീഴ്ത്തിയത്. 2022-ലെ ലോകകപ്പിന് ശേഷം ജൂലന്‍ ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്തിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും ജൂലന്‍ പങ്കെടുത്തിരുന്നില്ല. ട്വന്റി 20-യില്‍ നിന്ന് നേരത്തെ തന്നെ ജൂലന്‍ വിരമിച്ചിരുന്നു.

39-കാരിയായ ജൂലന്‍ 19-ാം വയസ്സിലാണ് ഇന്ത്യന്‍ ടീമില്‍ ഇടംനേടുന്നത്. രണ്ട് പതിറ്റാണ്ടുകളിലായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ജൂലന്‍ 12 ടെസ്റ്റുകളിലും 68 ട്വന്റി 20യിലും 201 ഏകദിനത്തിലും ഇന്ത്യയ്ക്ക് വേണ്ടിയിറങ്ങിയിട്ടുണ്ട്.