മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സമര്‍ ബാനര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ടീം ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സമര്‍ ബാനര്‍ജി (92) അന്തരിച്ചു. 1956-ലെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ ഇന്ത്യയെ നയിച്ച സമര്‍ അന്ന് ടീം നാലാം സ്ഥാനത്ത് എത്തുന്നതില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചിരുന്നു. കൊറോണ ബാധിച്ചതിനെതുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ബദ്രു ദാ എന്നായിരുന്നു അടുപ്പക്കാര്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്.

ഇതുവരെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മൂന്ന് തവണയാണ് ഒളിമ്പിക്‌സില്‍ പങ്കെടുത്തത്. അതില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് ബാനര്‍ജിയുടെ ടീമാണ്. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ അന്ന് 3-0ന് കീഴടങ്ങിയിരുന്നു. ഇതോടെ ടീം നാലാം സ്ഥാനത്തായി.

മോഹന്‍ ബഗാനൊപ്പം നിന്ന് ഡ്യൂറന്റ് കപ്പ്, റോവേഴ്‌സ് കപ്പ് ഉള്‍പ്പെടെയുള്ള നേട്ടങ്ങളിലേക്ക് എത്തിയ ബാനര്‍ജി സന്തോഷ് ട്രോഫി കിരീടവും നേടിയിട്ടുണ്ട്. 1953-ലും 1955-ലും ആയിരുന്നു അത്. 1962-ല്‍ ബാനര്‍ജി പരിശീലകനായിരിക്കെയും പശ്ചിമബംഗാള്‍ ബംഗാളിന് സന്തോഷ് ട്രോഫി ലഭിച്ചിട്ടുണ്ട്.