നിങ്ങളാണ് യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍, ശ്രീലങ്കയില്‍ വന്നതിന് നന്ദി; മമ്മൂട്ടിയോട് സനത് ജയസൂര്യ

കൊളംബോ: സിനിമാ ചിത്രീകരണത്തിനായി ശ്രീലങ്കയില്‍ എത്തിയ നടന്‍ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി മുന്‍ ക്രിക്കറ്റ് താരവും ശ്രീലങ്കയുടെ ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യ. ശ്രീലങ്കയില്‍ വന്നതിന് മമ്മൂട്ടിയോട് ജയസൂര്യ നന്ദി പറഞ്ഞു. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ജയസൂര്യ സന്തോഷം പങ്കുവെച്ചത്.

‘മലയാളത്തിലെ മുതിര്‍ന്ന നടന്‍ മമ്മൂട്ടിയെ സന്ദര്‍ശിക്കാന്‍ സാധിച്ചത് ബഹുമതിയായി കാണുന്നു. സാര്‍, നിങ്ങളാണ് യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍. ശ്രീലങ്കയില്‍ വന്നതിന് നന്ദി. എല്ലാ ഇന്ത്യന്‍ താരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ശ്രീലങ്ക സന്ദര്‍ശിക്കാനും ആസ്വദിക്കാനും ഇവിടേക്ക് വരാം, എല്ലാവര്‍ക്കും സ്വാഗതം.’ ജയസൂര്യ കുറിച്ചു.

എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്. തുടര്‍ന്നാണ് മമ്മൂട്ടിയെ സര്‍ക്കാര്‍ പ്രതിനിധിയായ ജയസൂര്യ കാണാനെത്തിയത്. ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി മമ്മൂട്ടി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ സംഘര്‍ഷമുണ്ടായതിനു ശേഷം ശ്രീലങ്കയില്‍ വിനോദവ്യവസായം വലിയ പ്രതിസന്ധി നേരിടുകയാണ്. അതിനിടെയാണ് സിനിമാചിത്രീകരണത്തിനായി മമ്മൂട്ടി എത്തിയത്.