‘പരസ്യം സര്‍ക്കാരിനെതിരെയല്ല, സാധാരണക്കാരന്റെ അവസ്ഥയാണ് സിനിമയില്‍’; വിശദീകരണവുമായി കുഞ്ചാക്കോ ബോബന്‍

ന്നാ താന്‍ കേസ് കൊട് എന്ന പുതിയ സിനിമയെ സംബന്ധിച്ച് ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ പ്രതികരണവുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. കേരളത്തിലെ സര്‍ക്കാരിനെതിരെയായിരുന്നില്ല ചിത്രത്തിന്റെ പരസ്യമെന്നും സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നത്തെ എടുത്തുകാണിക്കുകയാണ് ചിത്രം ചെയ്തിരിക്കുന്നതെന്നും കുഞ്ചാക്കോ ബോബന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തമിഴ്‌നാട്ടില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ പറയുന്നത് തമിഴ്‌നാട്ടിലെ സംഭവമാണ്. കേരളത്തിലെ കുഴി പോലുമല്ല. ഈ ചിത്രം ഒരു കോര്‍ട്ട് റൂം ഡ്രാമയാണ്. ഏതെങ്കിലും സര്‍ക്കാരിനെയോ രാഷ്ടീയക്കാരെയോ മാത്രം ഉദ്ദേശിച്ചുള്ളതല്ല ഊ സിനിമ. മാറിമാറി വരുന്ന രാഷ്ട്രീയക്കാര്‍ക്ക് സാധാരണക്കാരന്റെ അവസ്ഥ മനസ്സിലാക്കുകയാണ് ഈ സിനിമയിലൂടെ ലക്ഷ്യം വെക്കുന്നത്. സിനിമയ്‌ക്കെതിരെ വരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് അറിയില്ല. ഇതിലെ നല്ലത് എന്താണെന്ന് കണ്ട് മനസ്സിലാക്കുക.

താനെന്നും നല്ല സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നയാളാണെന്നും വിവാദങ്ങളുടെ ആവശ്യമില്ലെന്നാണ് പറയാനുള്ളതെന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് ഇന്നാണ് റിലീസ് ചെയ്തത്. സിനിമയുട പ്രചരണാര്‍ത്ഥം പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട പരസ്യവാചകമാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. തീയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നായിരുന്നു പരസ്യവാചകം.

കേരളത്തിലെ റോഡുകളെക്കുറിച്ച് വലിയ തോതില്‍ വിമര്‍ശനങ്ങളും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം ചര്‍ച്ചയായി മാറിയത്. സമൂഹമാധ്യമങ്ങളില്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇതോടൊപ്പം ചിത്രത്തിന് നേരെ സൈബര്‍ അറ്റാക്കും രൂക്ഷമാണ്. വിഷയത്തില്‍ രാഷ്ട്രീയ-സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പരസ്യമായി പ്രതികരിച്ചിരുന്നു.