മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചവരെ 27 വരെ റിമാണ്ട് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഈ മാസം 27 വരെ റിമാണ്ട് ചെയ്തു.തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.പ്രതികൾ നടത്തിയത് മുഖ്യമന്ത്രിക്കെതിരായ വധശ്രമമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.ഇപി ഇല്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി ആശുപത്രിയിലാകുമായിരുന്നു.

പ്രതികളെ റിമാൻഡ് ചെയ്യണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മൊട്ടുസൂചി പോലുമില്ലാതെ എങ്ങനെ വധശ്രമെന്ന് പ്രതിഭാഗം ചോദിച്ചു.വധശ്രമം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇ പി ജയരാജൻ്റെ ഭാഗത്ത് നിന്നാണെന്നും പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചു.

പ്രതികളെ പുറത്തു വിട്ടാൽ തെറ്റായ സന്ദേശമെന്ന് പ്രോസിക്യുഷൻ വാദിച്ചപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ ജയിലിൽ അടയ്ക്കുന്നതാണ് തെറ്റായ സന്ദേശമെന്ന് പ്രതിഭാഗം വാദിച്ചു. വാദപ്രതിവാദങ്ങൾ ഒന്നര മണിക്കൂറോളം നീണ്ടു. തുടര്‍ന്നാണ് പ്രതികളെ 27 വരെ റിമാൻഡ് ചെയ്തത്. ജാമ്യ ഹര്‍ജിയില്‍ നാളെ വാദം നടക്കും.