ദേശീയ സീനിയർ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്; കേരളത്തിനു നിരാശ

ചെന്നൈ: ദേശീയ സീനിയർ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ കേരളത്തിന് ഇന്നും നിരാശ. 7 ഫൈനൽ‌ ഒരു വെള്ളിയും 2 വെങ്കലവുമാണ് കേരളത്തിന്റെ നേട്ടം. വനിതകളുടെ ഹെപ്റ്റാത്‌ലണിൽ ഇടുക്കി വാഴത്തോപ്പ് സ്വദേശിനി മരീന ജോർജ് വെള്ളി നേടി. ഹൈജംപിൽ അടിമാലിക്കാരി എയ്ഞ്ചൽ പി. ദേവസ്യ വെങ്കലം നേടി.

പുരുഷന്മാരുടെ 800 മീറ്ററിൽ വെങ്കലം നേടിയ പാലക്കാട് ഒറ്റപ്പാലം സ്വദേശി പി. മുഹമ്മദ് അഫ്സലാണ് മറ്റൊരു മെഡൽ ജേതാവ്. പുരുഷ ലോങ്ജംപിൽ ശനിയാഴ്ച ഒന്നാമതെത്തിയ എം.ശ്രീശങ്കറിന്റേതാണ് കേരളത്തിന്റെ ഇതുവരെയുള്ള ഏക സ്വർണനേട്ടം.

ഞായറാഴ്ച വനിതാ ലോങ്ജംപ് യോഗ്യതാ മത്സരത്തിൽ ഇന്ത്യക്കാരിയുടെ രണ്ടാമത്തെ മികച്ച പ്രകടനം നടത്തിയ കർണാടകക്കാരി ബി. ഐശ്വര്യ (6.73 മീറ്റർ) ഇന്നലെ ട്രിപ്പിൾ ജംപിൽ മയൂഖ ജോണിയുടെ 11 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡും തകർത്തു; 14.14 മീറ്റർ. രണ്ടിനങ്ങളിലും കോമൺവെൽത്ത് യോഗ്യതയും നേടി. മീറ്റ് ഇന്നു സമാപിക്കും.