തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവി മുൻകൂട്ടി സമ്മതിച്ച് സിഎൻ മോഹനൻ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെയാണ് തോൽവി സമ്മതിച്ച് സിഎൻ മോഹനൻ രംഗത്ത് എത്തിയത്. തോറ്റത് ക്യാപ്റ്റനല്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനല്ലെന്നും സിഎൻ മോഹനൻ പറഞ്ഞു.

തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് നയിച്ചത് ജില്ലാ കമ്മിറ്റിയാണെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു. ഇങ്ങനെയൊരു ഫലം ഇവിടെ പ്രതീക്ഷിച്ചില്ല. പരാജയം സമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രിയെത്തിയത് പാർട്ടി ആവശ്യപ്പെട്ടത് കൊണ്ടാണ്.

ഭരണത്തിന്റെ വിലയിരുത്തൽ ആണെന്ന് കോടിയേരി പറഞ്ഞിട്ടില്ലെന്നും സിഎൻ മോഹനൻ പറഞ്ഞു. അതേസമയം എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമ തോമസിന്റെ മുന്നേറ്റം കോൺഗ്രസ് നേരത്തെ തന്നെ കണക്കുകൂട്ടിയതാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞത്. മുഴുവൻ വോട്ടെണ്ണൽ പൂർത്തിയായ ശേഷം വിശദമായി പ്രതികരിക്കാമെന്നും വിഡി സതീശൻ പറഞ്ഞു.