എറണാകുളത്തെ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറെ മാറ്റിയതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് യുഡിഎഫിൻ്റെ പരാതി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളത്തെ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറെ മാറ്റിയതിനെതിരെ യു.ഡി.എഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തിൽ നടപടി നേരിട്ടയാളാണ് പുതിയ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറെന്ന് യുഡിഎഫിന്റെ പരാതിയിൽ പറയുന്നു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എറണാകുളം – കോഴിക്കോട് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർമാരെ പരസ്പരം മാറ്റിയത്. 2011-ൽ വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തിൽ നടപടി നേരിട്ടയാളെയാണ് പുതിയ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറായി എറണാകുളത്ത് നിയമിച്ചിരിക്കുന്നത്. ഭരണാനുകൂല സർവീസ് സംഘടന നേതാവായ ഇവർക്ക് ഭരണകക്ഷി നേതാക്കളുമായി നേരിട്ട് ബന്ധമുണ്ട്.

നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് യു.ഡി.എഫിന് വേണ്ടി നൽകിയ പരാതിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.

തൃക്കാക്കരയിൽ യുഡിഎഫ് ഉമാ തോമസിനേയും എൽഡിഎഫ് ഡോ ജോ ജോസഫിനേയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി എ.എൻ.രാധാകൃഷ്ണനെയാണ് ഇവിടെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. ആം ആദ്മി, ട്വൻ്റി ട്വൻ്റി എന്നിവർ സംയുക്ത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള ആലോചനയിലാണ്. തൃക്കാക്കരയിൽ മെയ് പതിനൊന്ന് വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശപത്രിക സമർപ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിൻവലിക്കാനും സമയം അനുവദിക്കും. മെയ് 31-നാണ് വോട്ടെടുപ്പ് നടക്കുക. ജൂണ് മൂന്നിന് വോട്ടെണ്ണൽ നടക്കും. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂണ് അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂർത്തിയാക്കണം എന്നാണ് നിർദേശം.