എബോള വാക്‌സിനായുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ച് ഓക്സ്ഫഡ് സർവകലാശാല

ലണ്ടൻ: എബോള വാക്‌സിനായുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ ഓക്സ്ഫഡ് സർവകലാശാല ആരംഭിച്ചു. നിലവിൽ ChAdOx1 biEBOV എന്നറിയപ്പെടുന്ന കൊറോണ വൈറസ് ഷോട്ടിന്റെ അതേ സാങ്കേതികവിദ്യയാണ് ഇവിടെയും ഉപയോഗിക്കുന്നത്.

18 നും 55 നും ഇടയിൽ പ്രായമുള്ള 26 പേരിലാണ് പരീക്ഷണം നടത്തുക. ഇവരെ ആറ് മാസക്കാലം നിരീക്ഷിക്കുകയും വർഷാവസാനത്തോടെ മറ്റൊരു ട്രയൽ ആരംഭിക്കുമെന്ന് ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്തു. 2022 പകുതിയിൽ ഫലം പ്രതീക്ഷിക്കാമെന്ന് ഗവേഷകർ പറയുന്നു.

ആദ്യ ഘട്ട പരീക്ഷണത്തിൽ വാക്സിന്റെ സുരക്ഷ, പാർശ്വഫലങ്ങൾ, സമയം എന്നിവ പരിശോധിക്കും. മനുഷ്യരിൽ രോഗമുണ്ടാക്കുന്ന നാല് തരം എബോള വൈറസുകളുണ്ട്. അതിൽ സൈർ ഇനമാണ് ഏറ്റവും മാരകമെന്നും, ചികിത്സിച്ചില്ലെങ്കിൽ 70 ശതമാനം മുതൽ 90 ശതമാനം വരെ കേസുകളിലും മരണം സംഭവിക്കാമെന്നും ​ഗവേഷകർ പറയുന്നു.

2014-2016 പശ്ചിമാഫ്രിക്കയിലും 2018 ലെ കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉൾപ്പെടെ മിക്കയിടങ്ങളിലും സൈർ ഇനമാണ് പടർന്നുപിടിച്ചത്. തുടർന്ന് 32,000-ത്തിലധികം ആളുകൾ രോഗബാധിതരും 13,600-ലധികം പേർ മരിക്കുകയും ചെയ്തിരുന്നുവെന്നും ​​ഗവേഷകരിലൊരാളായ തെരേസ ലാംബെ പറഞ്ഞു.

ഇപ്പോഴും എബോള വൈറസ് പൊട്ടിപ്പുറപ്പെടുന്നുണ്ട്. ഈ രോഗത്തെ നേരിടാൻ കൂടുതൽ വാക്സിനുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ രോഗം പലതരം വൈറസുകൾ മൂലമാകാം. ഇവയിൽ ഓരോന്നിനും സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടുള്ള രോഗപ്രതിരോധ പ്രതികരണം ആവശ്യമായി വന്നേക്കാം.

എബോള വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനും മരണത്തിനും കാരണമായ രണ്ട് ഇനം വൈറസുകളെ ലക്ഷ്യമിട്ടാണ് ഞങ്ങൾ പുതിയ വാക്സിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇപ്പോൾ ഇത് ഒന്നാം ഘട്ട ക്ലിനിക്കൽ ട്രയലുകളിൽ പരീക്ഷിക്കാൻ കാത്തിരിക്കുകയാണെന്നും തെരേസ ലാംബെ പറഞ്ഞു.