ഇറ്റലിയില്‍ യുവാവിന് കൊറോണയും മങ്കിപോക്‌സും എച്ച്.ഐ.വിയും ഒരേസമയം ബാധിച്ചു

റോം: ഇറ്റലിയില്‍ യുവാവിന് ഒരേസമയം കൊറോണയും മങ്കിപോക്‌സും എച്ച്.ഐ.വിയും പിടിപെട്ടു. 36-കാരനായ യുവാവിനാണ് മൂന്ന് വൈറസുകളും ഒരേസമയം ബാധിച്ചത്. പനിയും തൊണ്ടവേദനയും ക്ഷീണവുമാണ് യുവാവിന് അനുഭവപ്പെട്ട ലക്ഷണങ്ങള്‍. സ്‌പെയിന്‍ യാത്ര കഴിഞ്ഞെത്തിയതിന് പിന്നാലെയാണ് യുവാവിന് ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. മൂന്ന് ദിവസത്തിന് ശേഷം യുവാവിന്റെ ശരീരത്തില്‍ ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെട്ടു. കറ്റാനയിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ വിശദപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് എച്ച്.ഐ.വിയും മങ്കിപോക്‌സും സ്ഥിരീകരിച്ചത്.

അടുത്തിടെയാണ് യുവാവിന് എച്ച്.ഐ.വി ഉണ്ടായതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം കൊറോണയില്‍ നിന്നും മങ്കിപോക്‌സില്‍ നിന്നും മുക്തനായ യുവാവ് ആശുപത്രി വിട്ടു. കൊറോണയും മങ്കി പോക്‌സും എച്ച്.ഐ.വിയും ഒരാള്‍ക്ക് ബാധിക്കുന്നത് ഇതാദ്യമായിട്ടാണ്. നേരത്തെ മങ്കിപോക്‌സും എച്ച്.ഐ.വിയും ഒരാള്‍ക്ക് ബാധിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.