സെര്‍വിക്കല്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ വാക്‌സിന്‍; ഉടന്‍ വിപണിയില്‍

ന്യൂഡെല്‍ഹി: സെര്‍വിക്കല്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യ. ക്വാഡ്രിലന്‍ഡ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് എന്ന വാക്‌സിന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിപണിയില്‍ ലഭ്യമാകും. സിറം ഇന്‍സ്റ്റിറ്റിയൂട്ടും ബയോടെക്‌നോളജി വകുപ്പും ചേര്‍ന്നാണ് ഈ വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്.

സാധാരണക്കാര്‍ക്ക് കൂടി താങ്ങാനാവുന്ന തരത്തില്‍ 200 മുതല്‍ 400 രൂപ വരെയുള്ള നിരക്കിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാകുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അദാര്‍ പൂനെവാലെ അറിയിച്ചു. വാക്‌സിന്റെ ശാസ്ത്രീയ ഗവേഷണങ്ങള്‍ പൂര്‍ത്തിയായി. സാധാരണ ജനങ്ങള്‍ക്ക് വാക്‌സിന്റെ ഗുണഫലം ലഭിക്കുക ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലാകും വിതരണം ചെയ്യുക. രാജ്യത്തിന്റെ ആവശ്യം നിറവേറ്റിയ ശേഷം മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നത് പരിഗണിക്കുമെന്ന് അദാര്‍ പൂനെവാലെ വ്യക്തമാക്കി.