ചൈനീസ് ബന്ധം ഒഴിവാക്കി ഇന്ത്യയില്‍ പുതിയ പബ്ജി ഗെയിം

ന്യൂഡെല്‍ഹി: ചൈനീസ് ബന്ധം ഒഴിവാക്കി പുതിയ പബ്ജി ഗെയിം ഇന്ത്യയില്‍ അവതരിപ്പിച്ചു. പബ്ജി ന്യൂ സ്‌റ്റേറ്റ് എന്ന പുതിയ ഗെയിമാണ് ദക്ഷിണ കൊറിയന്‍ വിഡിയോ ഗെയിം ഡെവലപ്പറും പബ്ജിയുടെ നിര്‍മാതാക്കളുമായ ക്രാഫ്റ്റണ്‍ ആഗോളതലത്തില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ പോയാല്‍ പുതിയ പേരിലെത്തിയ ഗെയിം ഡൗണ്‍ലോഡ് ചെയ്യാം. ആപ്പിള്‍ പ്ലേ സ്‌റ്റോറില്‍ നവംബര്‍ 12 മുതലാണ് ലഭ്യമാകുക.

2020 സെപ്റ്റംബറില്‍ ചൈനീസ് കമ്പനിയായ ടെന്‍സറിന്റെ കീഴിലുള്ള പബ്ജി മൊബൈല്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഇതോടെ ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ മാറ്റം വരുത്തി ചൈനീസ് ബന്ധം ഉപേക്ഷിച്ചുകൊണ്ട് ക്രാഫ്റ്റണ്‍ ബാറ്റില്‍ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യ (ബി.ജി.എം.ഐ) എന്ന പേരില്‍ മറ്റൊരു ഗെയിം ലോഞ്ച് ചെയ്യുകയായിരുന്നു. ബി.ജി.എം.ഐയുടെ വികസനത്തിനായി ചൈന ആസ്ഥാനമായ ടെന്‍സന്റുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി ക്രാഫ്റ്റണ്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

അതിനാല്‍ തന്നെ പുതിയ പബ്ജി ന്യൂ സ്‌റ്റേറ്റ് വികസിപ്പിച്ചെടുത്തതില്‍ ചൈനീസ് കമ്പനിക്ക് പങ്കില്ലെന്നാണ് വിവരം.
ഗൂഗിള്‍ പ്ലേയില്‍ ഏകദേശം 1.4 ജി.ബി സൈസുള്ളതാണ് പബ്ജി ന്യൂ സ്‌റ്റേറ്റ്. വിവിധ ഫോണുകളില്‍ വ്യത്യസ്ത സൈസുകളിലായിരിക്കും. ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 6 അല്ലെങ്കില്‍ അതിന് മുകളിലുള്ള ഫോണുകളില്‍ ഗെയിം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.