സ്കൂളുകള്‍ തുറന്നു; ഉത്കണ്ഠ വേണ്ട; കുറവുകള്‍ പരിഹരിച്ച്‌ മുന്നോട്ടുപോകുമെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്ത് ഇന്ന് സ്കൂളുകള്‍ തുറന്നു. തിരുവനന്തപുരം ഗവ. കോട്ടണ്‍ഹില്‍ യുപി സ്കൂളില്‍ സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മന്ത്രി ആന്റണി രാജു, മന്ത്രി ജി ആര്‍ അനില്‍ എന്നിവര്‍ പങ്കെടുത്തു. കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതില്‍ രക്ഷിതാക്കള്‍ ഉത്കണ്ഠപ്പടേണ്ടെന്നും കേരള സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒപ്പമുണ്ടന്നും ശിവന്‍കുട്ടി പറഞ്ഞു.

ആരും ആശങ്കപ്പെടേണ്ടതില്ല. ഏത് പ്രതിസന്ധിഘട്ടമുണ്ടായാലും ആ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള എല്ലാ സന്നാഹങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്, ശിവന്‍കുട്ടി പറഞ്ഞു. എല്ലാ ദിവസവും സ്‌കൂളുകളില്‍ അതാത് ദിവസത്തെ വിവരങ്ങള്‍ പിടിഐയും സ്കൂള്‍ അധികാരികളും അധ്യാപകരും ഒന്നിച്ച്‌ ചര്‍ച്ചചെയ്യുകയും വിലയിരുത്തലുകള്‍ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥര്‍ക്ക് കൈമാറും. ഇങ്ങനെ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്ത് കുറവുകള്‍ പരിഹരിച്ച്‌ മുന്നോട്ടുപോകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നു മുതല്‍ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളുമാണ് ഇന്ന് ആരംഭിക്കുന്നത്. ഇന്ന് സ്കൂളുകളില്‍ നേരിട്ടെത്താത്തത് അയോഗ്യതയായി കണക്കാക്കില്ല. തിരക്ക് ഒഴിവാക്കാന്‍ 8, 9 ക്ലാസുകള്‍ ഈ മാസം 15 നാണു തുടങ്ങുക. പ്ലസ് വണ്‍ ക്ലാസുകളും 15നു തുടങ്ങും.

സ്‌കൂള്‍ തുറന്നാല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും ആദ്യ രണ്ടാഴ്ചയിലെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകള്‍ തുടങ്ങണം. സ്‌കൂളുകളില്‍ ആകെ കുട്ടികളുടെ എണ്ണം 25% ആയി ക്രമീകരിക്കണം. ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ വീതം ആയിരിക്കണം ഇരിക്കേണ്ടത്. കുട്ടികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒന്നിച്ചിരുന്ന് കഴിക്കാതെ രണ്ട് മീറ്റര്‍ അകലം പാലിക്കണം.

ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച്‌ കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകള്‍ നടത്തുക. ബാച്ചുകള്‍ സ്കൂളുകള്‍ക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം.