സംസ്ഥാനത്ത് കോളേജുകള്‍ ഇന്ന് തുറക്കും ; ക്ലാസുകൾ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ പൂര്‍ണ്ണമായും തുറക്കും. ഒന്ന്, രണ്ട് വര്‍ഷ ഡിഗ്രി ക്ലാസുകള്‍, ഒന്നാം വര്‍ഷ പിജി ക്ലാസുകള്‍ എന്നിവയാണ് ആരംഭിക്കുക. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും കോളേജുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുക. കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കൊറോണ പ്രതിസന്ധിയെത്തുടര്‍ന്ന് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് കോളേജ് തുറക്കുന്നത്. സമയക്രമത്തിന്റെ കാര്യത്തില്‍ മുമ്പ് നല്‍കിയ നിര്‍ദ്ദേശപ്രകാരം അതത് സ്ഥാപനങ്ങളാണ് തീരുമാനമെടുക്കുന്നത്. വാക്‌സിനേഷന്‍ സംബന്ധിച്ചുള്ള നിര്‍ദ്ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് കൊറോണ ജാഗ്രതാ സമിതിയുടെ മേല്‍നോട്ടത്തില്‍ സ്ഥാപന മേധാവികള്‍ ഉറപ്പാക്കണം. തെര്‍മല്‍ സ്‌കാനറുകള്‍, സാനിറ്റൈസര്‍, മാസ്‌ക്, ഹാന്‍ഡ് വാഷ് എന്നിവ ആവശ്യാനുസരണം ഉറപ്പാക്കണം.

പതിനെട്ട് വയസ് പൂര്‍ത്തിയാകാത്തതുകൊണ്ട് വാക്‌സിനെടുക്കാന്‍ പറ്റാതെ പോയവരെ ഒരു ഡോസ് വാക്‌സിനെടുത്ത് രണ്ടാം ഡോസ് സ്വീകരിക്കുന്നതുവരെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണം. അത്തരം വിദ്യാര്‍ത്ഥികളുടെ വീടുകളിലെ പ്രായപൂര്‍ത്തിയായവരെല്ലാം വാക്‌സിനെടുത്തതായി ഉറപ്പാക്കണം. രോഗങ്ങളുള്ളവരും ഭിന്നശേഷിക്കാരും കോളേജുകളില്‍ വരാതിരിക്കുന്നതാണ് നല്ലതെന്നും കോളേജുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.