സ്കൂൾ തുറക്കൽ; ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നത് വെല്ലുവിളി, മുന്നൊരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കലുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. സുരക്ഷിതമായ യാത്രാ സൗകര്യങ്ങള്‍ മുതല്‍ അണുവിമുക്തമായ ശുചിമുറികള്‍ വരെ ഒരുക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളെ എത്തിക്കാനുളള വാഹന ക്രമീകരണത്തില്‍ ചര്‍ച്ച തുടരുന്നു.

സ്‌കൂളുകളില്‍ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതാണ് അധികൃതര്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ചെറിയ കുട്ടികളെ കൊറോണ മാനദണ്ഡങ്ങള്‍ പഠിപ്പിക്കുന്നത് എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വാക്സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഭൂരിഭാഗം അദ്ധ്യാപകരും രണ്ട് ഡോസും എടുത്തവരാണ്. കര്‍ശന നിയന്ത്രണങ്ങളോടെ നവംബര്‍ ഒന്നിനാണ് സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത്. എല്ലാ ക്ളാസുകളിലുമായി 45 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് സ്കൂളുകളിലേക്ക് പോകുന്നത്.

ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ളാസുകളും പൊതുപരീക്ഷ നടക്കുന്ന 10, 12 ക്ളാസുകളും നവംബര്‍ ഒന്നിന് തുടങ്ങാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗത്തില്‍ ധാരണയായത്. പതിനഞ്ചോടെ എല്ലാ ക്ളാസുകളും തുടങ്ങാനാണ് നീക്കം.