ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാൻ തീരുമാനം

തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് റസിഡന്‍ഷ്യല്‍ മാതൃകയിലുള്ളവര്‍ പഠിക്കുന്ന സ്ഥാപനങ്ങളാണ് തുറക്കാൻ സർക്കാർ തീരുമാനിച്ചത്.

സംസ്ഥാനത്ത് ഇപ്പോള്‍ റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസിന് മുകളില്‍ പ്രായമുള്ള പരിശീലക സ്ഥാപനങ്ങള്‍ ഒരുഡോസ് വാക്‌സീനെങ്കിലും എടുത്ത അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും വച്ച് തുറക്കാം. ബയോബബിള്‍ മാതൃകയില്‍ വേണം തുറന്നു പ്രവര്‍ത്തിക്കാന്‍.

അതോടൊപ്പം ഒക്ടോബര്‍ നാല് മുതല്‍ ടെക്‌നിക്കല്‍/പോളി ടെക്‌നിക്ക്/മെഡിക്കല്‍ വിദ്യാഭ്യാസം അടക്കമുള്ള ബിരുദ, ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ഥികളേയും അധ്യാപകരേയും അനധ്യാപകരേയും ഉള്‍പ്പെടുത്തി എല്ലാ ഉന്നതവിദ്യാഭ്യാസം സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നല്‍കും.

കൊറോണ പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ കേരളത്തിലെ കൂടുതൽ മേഖലകൾ തുറക്കാനും തീരുമാനിച്ചു. സംസ്ഥാനത്ത് തുടരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് ചേ‍ർന്ന കൊറോണ അവലോകനയോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.

കൊറോണ പടരുന്ന പശ്ചാത്തലത്തിലാണ് രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി കർഫ്യൂ ഏർപ്പെടുത്തിയത്. അതോടൊപ്പം വാരാന്ത്യ കർഫ്യൂവും നടപ്പാക്കിയിരുന്നു. ഇത് രണ്ടും ഇന്നുമുതൽ ഉണ്ടായിരിക്കില്ല.