കോഴിക്കോട്: കൊറോണയില്ലാത്തയാളെ രോഗപ്പകര്‍ച്ചയുണ്ടെന്ന പേരില്‍ സമ്പര്‍ക്ക വിലക്കിലിരുത്തിയെന്ന് പരാതി. കോഴിക്കോട് വേങ്ങേരിയിലാണ് സംഭവം. ആന്റിജന്‍ പരിശോധന ഫലം പോസിറ്റീവായെങ്കിലും സംശയത്തെ തുടര്‍ന്ന് നടത്തിയ ആര്‍ടിപിസിആര്‍ ഉള്‍പ്പെടെ മൂന്ന് പരിശോധന ഫലങ്ങള്‍ നെഗറ്റീവായിട്ടും തന്നെ രോഗിയായാണ് പരിഗണിക്കുന്നതെന്ന് വേങ്ങേരി സ്വദേശി സാഗര്‍ പറയുന്നു. അതേസമയം, സാങ്കേതിക പിഴവെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം.
കോഴിക്കോട് വേങ്ങേരി സ്വദേശി സാഗര്‍ ചുമട്ടുതൊഴിലാളിയാണ്. കൂട്ടുകാര്‍ക്ക് കൊറോണ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ മുന്‍കരുതലെന്നോണം കുണ്ടുപറമ്പിലെ ആന്റിജന്‍ ക്യാമ്പില്‍ നിന്ന് പരിശോധിച്ചു. പോസിറ്റീവായി. എന്നാല്‍ അസ്വസ്ഥതകളോ, ലക്ഷണങ്ങളോ ഇല്ലാത്തതിനാല്‍ വീണ്ടും സ്വകാര്യ ലാബില്‍ സ്രവം പരിശോധനക്കയച്ചു. നെഗറ്റീവായിരുന്നു ഫലം. ഇക്കാര്യം ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചു.
സ്വകാര്യ ലാബിലെ സാങ്കേതിക പിഴവാകാമെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മറുപടിയെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വീണ്ടും പരിശോധന നടത്തി. സാഗറിൻ്റെ റിസള്‍ട്ട് നെഗറ്റീവായിരുന്നു. അപ്പോഴേക്കും സര്‍ക്കാരിന്റെ കൊറോണ പട്ടികയില്‍ സാഗറും ഉള്‍പ്പെട്ടിരുന്നു.
സാഗറിന് സമ്പര്‍ക്ക വിലക്ക് ഉള്‍പ്പെടെ നിര്‍ദ്ദേശിച്ച് സന്ദേശവും വന്നു. ഗുരുതര പിഴവാണിതെന്ന് ആരോഗ്യപ്രവര്‍ത്തകരോട് പരാതിപ്പെട്ടപ്പോള്‍ അവര്‍ ആര്‍ടിപിസിആര്‍ നിര്‍ദ്ദേശിച്ചു. അതും നെഗറ്റീവായി. പക്ഷേ രോഗമില്ലാത്ത തന്നെ നിര്‍ബന്ധപൂര്‍വ്വം സമ്പര്‍ക്ക വിലക്കിലിരുത്തിയെന്നാണ് സാഗറിന്റെ പരാതി. പട്ടികയില്‍ നിന്ന് ഇനി ഒഴിവാക്കാന്‍ പറ്റില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്കിയ മറുപടി.
പതിനാല് ദിവസം പുറത്തിറങ്ങാന്‍ പാടില്ലാത്തതോടെ ഉപജീവനത്തിന് വഴിയെന്തെന്നാണ് സാഗര്‍ ചോദിക്കുന്നത്. എന്നാല്‍ ആന്റിജന്‍ പരിശോധനയില്‍ സാധാരണ സംഭവിക്കാറുളള പിഴവ് മാത്രമാണിതെന്നും സാഗറിനോട് ആടിപിസിആര്‍ പരിശോധന നിര്‍ദ്ദേശിച്ചിരുന്നതായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. രോഗമില്ലാത്തയാളെ പട്ടികയിലുള്‍പ്പെടുത്തിയതിനെക്കുറിച്ച് കൊറോണ സെല്ലിനോട് വിശദീകരണം തേടിയതായാണ് വിവരം.