മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു

കൊച്ചി: മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഒളിമ്പ്യൻ ചന്ദ്രശേഖരൻ (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. 1960 റോം ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു.

ഏഷ്യൻ ഗെയിംസിൽ 1962 ൽ സ്വർണ മെഡൽ നേടിയ ടീമിലെയും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. 1960 റോം ഒളിമ്പിക്സിൽ കരുത്തരായ ഫ്രാൻസിനെ ഇന്ത്യ സമനിലയിൽ തളച്ചപ്പോൾ പ്രതിരോധനിരയിലെ പ്രധാനിയായിരുന്നു ചന്ദ്രശേഖരൻ.

1958 മുതൽ 1966 വരെ ഇന്ത്യൻ ജേഴ്സിയിൽ തിളങ്ങിയ അദ്ദേഹത്തെ ഏതാനും വർഷങ്ങൾക്കു മുമ്പ് മറവിരോഗം കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് എറണാകുളം എസ്ആർഎം റോഡിലെ സ്വന്തം വസതിയിൽ നിന്ന് അദ്ദേഹം പുറത്തിറങ്ങിയിരുന്നില്ല.

നിരവധി ടൂർണമെന്റുകളിൽ ഇന്ത്യൻ ടീമിനെ നയിച്ചിട്ടുള്ള ചന്ദ്രശേഖരൻ എന്നും ഇന്ത്യയുടെ വിശ്വസ്തനായ പ്രതിരോധനിര താരമായിരുന്നു. പീറ്റർ തങ്കരാജ്, എസ്.എസ് നാരായൻ, പി.കെ ബാനർജി, ജർണെയ്ൽ സിങ്, ചുനി ഗോസ്വാമി, സൈമൺ സുന്ദർരാജ് തുടങ്ങിയ പ്രമുഖർ അടങ്ങിയ ഇന്ത്യൻ നിരയിൽ ഇവർക്കൊപ്പം തന്നെ പ്രധാനിയായിരുന്നു ചന്ദ്രശേഖരൻ.

1956-ൽ കാൾട്ടെക്സ് എസ് സിയിലൂടെയാണ് അദ്ദേഹം പ്രൊഫഷണൽ ഫുട്ബോളിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. രണ്ടു വർഷത്തിനപ്പുറം ഇന്ത്യൻ ടീമിലും ഇടംനേടി. 1966-ൽ ദേശീയ ടീമിൽ നിന്ന് വിരമിച്ച അദ്ദേഹം പിന്നീട് സ്റ്റേറ്റ് ബാങ്കിന് വേണ്ടി കളിക്കാനിറങ്ങി.

1964-ലെ എഫ്സി ഏഷ്യൻ കപ്പിൽ ഇന്ത്യൻ ടീമിനൊപ്പം വെള്ളി മെഡൽ സ്വന്തമാക്കിയ ചന്ദ്രശേഖരൻ, 1959, 1964 മെർദേക്ക ടൂർണമെന്റുകളിൽ ടീമിനൊപ്പം വെള്ളി മെഡൽ നേട്ടത്തിലും പങ്കാളിയായി.

കളിക്കളം വിട്ട ശേഷം 1994 മുതൽ ഒരു വർഷം എഫ്.സി കൊച്ചിന്റെ ജനറൽ മാനേജറായിരുന്നു. 1964 ടോക്യോ ഒളിമ്പിക്സിന്റെ യോഗ്യതാ റൗണ്ടിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങി.