പിആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ പാരിതോഷികം രണ്ട് കോടി; ജോലിയില്‍ സ്ഥാനക്കയറ്റം

കൊച്ചി: ടോക്യോയില്‍ നടന്ന ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി താരം പിആര്‍ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. പാരിതോഷികത്തിന് പുറമെ ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായാണ് സ്ഥാനക്കയറ്റം നല്‍കുക.

നിലവില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് പിആര്‍ ശ്രീജേഷ്. ശ്രീജേഷിന്റേത് വലിയ നേട്ടമാണെന്ന് പുരസ്‌കാരം പ്രഖ്യാപിച്ച മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. ഒളിമ്പിക്‌സില്‍ പങ്കെടുത്ത എട്ട് മലയാളികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒളിമ്പിക്‌സില്‍ മെഡല്‍ നേട്ടം കൈവരിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ താരങ്ങള്‍ക്ക് വലിയ തുക പാരിതോഷികം പ്രഖ്യാപിക്കുമ്പോഴും കേരളത്തില്‍ നിന്ന് ഒരു താരം ചരിത്രനേട്ടത്തില്‍ പങ്കാളിയായിട്ടും സംസ്ഥാന സര്‍ക്കാര്‍ വേണ്ട വിധം പരിഗണിച്ചില്ലെന്നായിരുന്നു വിമര്‍ശനം.

സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ടാണ് പാരിതോഷികം വൈകുന്നതെന്ന് മുന്‍ കായിക വകുപ്പ് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞിരുന്നു. പ്രഖ്യാപനം വൈകിപ്പിക്കുന്നതല്ലെന്നും നിരവധി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ പാരിതോഷികം പ്രഖ്യാപിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പാരിതോഷികം പ്രഖ്യാപിക്കാത്തതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ശ്രീജേഷിന്റെ പ്രതികരണം.