ഓണ്‍ലൈന്‍ ക്ലാസുകള്‍ ശാശ്വതമല്ല; കേന്ദ്ര അനുമതി കിട്ടിയാല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. ഓണ്‍ലൈന്‍ ക്ലാസുകള്‍ ശാശ്വതമല്ലാത്ത സാഹചര്യത്തില്‍ അനുമതി ലഭിച്ചാല്‍ ഘട്ടംഘട്ടമായി സ്‌കൂളുകള്‍ തുറക്കുമെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ പഠനംമൂലം 36 ശതമാനം കുട്ടികള്‍ക്ക് കഴുത്തുവേദനയും 27 ശതമാനം പേര്‍ക്ക് കണ്ണുവേദനയും റിപ്പോര്‍ട്ട് ചെയ്തതായും എസ്‌സിഇആര്‍ടിസി റിപ്പോര്‍ട്ട് ഉദ്ധരിച്ച് മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയും വ്യായാമവും ഉറപ്പുവരുത്തണമെന്നും ശിവന്‍ കുട്ടി സഭയില്‍ പറഞ്ഞു.

ലഭിക്കുന്ന ആദ്യ അവസരത്തില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. കേന്ദ്ര നിര്‍ദ്ദേശം വരുന്നതനുസരിച്ച് കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കും. വാക്‌സിന്‍ ലഭ്യതയ്ക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.