കൊച്ചി, തിരുവനന്തപുരം വിമാനത്താ വളങ്ങളിൽ നിന്ന്​ നാളെ മുതല്‍ അബൂദബി സർവീസ്

ദുബൈ: ദുബൈ, ഷാർജ എന്നിവക്ക്​ പുറമെ അബൂദബി വിമാനത്താവളത്തിലേക്ക്​ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ്​ ശനിയാഴ്​ച മുതൽ ഭാഗികമായി പുനരാരംഭിക്കും. യുഎഇയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ പിൻവലിച്ചെങ്കിലും അബൂദബിയിലേക്ക്​ സർവീസ്​ തുടങ്ങിയിരുന്നില്ല.

ഓഗസ്​റ്റ്​ പത്ത്​ മുതൽ തുടങ്ങുമെന്നായിരുന്നു എയർഇന്ത്യയും ഇത്തിഹാദും അറിയിച്ചിരുന്നത്​. എന്നാൽ, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ന്യൂഡൽഹി എന്നീ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസ്​ ശനിയാഴ്​ചക്കും തിങ്കളാഴ്​ചക്കുമിടയിൽ തുടങ്ങുമെന്ന്​ ഇത്തിഹാദ്​ വ്യക്​തമാക്കി.

ഓഗസ്​റ്റ്​ പത്ത്​ മുതൽ മറ്റ്​ നഗരങ്ങളിൽ നിന്നും സർവീസ്​ പുനരാരംഭിക്കും. നിലവിൽ അഹ്​മദാബാദ്​, ഹൈദരാബാദ, മുംബൈ, കറാച്ചി, ലാഹോർ, ഇസ്​ലാമാബാദ്​, ധാക്ക, കൊളംബോ എന്നീ വിമാനത്താവളങ്ങളാണ്​ ആഗസ്​റ്റ്​ പത്ത്​ മുതലുള്ള സർവീസിൽ ഉൾപെടുത്തിയിരിക്കുന്നത്​.

ഇത്തിഹാദ്ന്റെ വെബ്​സൈറ്റിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയിരിക്കുന്നത്​. ദുബൈ, ഷാർജ വിമാനത്താവളങ്ങളിലേക്ക്​ കേരളത്തിൽ നിന്ന്​ വ്യാഴാഴ്​ച മുതൽ സർവീസ്​ തുടങ്ങിയിരുന്നു. നിലവിൽ അബൂദബിയിലേക്കുള്ള യാത്രക്കാർ ഈ വിമാനത്താവളങ്ങൾ വഴിയാണ്​ യു.എ.ഇയിലേക്ക്​ എത്തുന്നത്​.

അബൂദബി കൂടി തുറക്കുന്നതോടെ പ്രവാസികൾക്ക്​ നേരിട്ട്​ അബൂദബിയിൽ ഇറങ്ങാൻ കഴിയും. എന്നാൽ, അബൂദബി, റാസൽഖെമ വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക്​ പത്ത്​ ദിവസത്തെ ക്വാറൻറീൻ നിർബന്ധമാണ്​.

വിമാനത്താവളത്തിൽ നിന്ന്​ തന്നെ ഹാൻഡ്​ ബാൻഡ്​ ധരിക്കണം. നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ പരിശോധന നടത്തണം. എട്ടാം ദിവസത്തെ പരിശോധനയിൽ നെഗറ്റീവ്​ ഫലമാണ്​ ലഭിക്കുന്നതെങ്കിൽ പത്താം ദിവസം ഹാൻഡ്​ ബാൻഡ്​ അഴിക്കുകയും പുറത്തിറങ്ങുകയും ചെയ്യാം.