തിരുവനന്തപുരം: വിദൂര വിദ്യാഭ്യാസ, സമാന്തര കോഴ്സുകൾ മുമ്പത്തെ പോലെ നടത്താൻ അഫീലിയേറ്റിംഗ് സർവകലാശാലകളെ ചുമതലപ്പെടുത്തി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് സംബന്ധിച്ച വിശദീകരണത്തിലൂടെ ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആക്ഷേപം. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആക്ടിലെ വകുപ്പ് 72 (1) പ്രകാരം സംസ്ഥാനത്തെ മറ്റു സർവ്വകലാശാലകളിൽ വിദൂര വിദ്യാഭ്യാസത്തിലൂടെയോ പ്രൈവറ്റ് രജിസ്ട്രേഷനിലൂടെയോ പഠന കോഴ്സുകൾ നടത്തുന്നത് വിലക്കിക്കൊണ്ട് വ്യവസ്ഥ ചെയ്തിരുന്നു.
എന്നാൽ യുജിസിയുടെ അംഗീകാരം ലഭിക്കാത്തതുകൊണ്ട് ഓപ്പൺ സർവകലാശാലയ്ക്ക് കോഴ്സുകൾ ആരംഭിക്കാൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് സമാന്തര വിദ്യാഭ്യാസം നിലവിലുണ്ടായിരുന്നതുപോലെ നടത്താൻ അഫീലിയേറ്റിംഗ് സർവകലാശാലകളെ ചുമതലപ്പെടുത്തി സർക്കാർ ഇന്നലെ ഉത്തരവ് പുറപ്പെടിവിച്ചത്.
ഓപ്പൺ യൂണിവേഴ്സിറ്റി ആക്റ്റിലെ 63 വകുപ്പിലെ വ്യവസ്ഥ പ്രകാരമാണ് വിവിധ സർവകലാശാലകൾക്ക് കോഴ്സുകൾ തുടർന്നും നടത്തുവാൻ അനുമതി നൽകിയതെന്നാണ് ഉന്നത വിദ്യാഭ്യാസമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. എന്നാൽ ഇത് തെറ്റായ നിയമ വ്യാഖ്യാനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഓപ്പൺ യൂണിവേഴ്സിറ്റി ആക്റ്റിലെ 73(1) വകുപ്പിൽ സമാന്തര പഠനം മറ്റ് സർവ്വകലാശാലകൾ നടത്തുന്നത് വ്യക്തമായി വിലക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, നിയമം നടപ്പാക്കുമ്പോൾ ഉണ്ടാകാനിടയുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ, ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാതെ സർക്കാരിന്, ഉത്തരവിലൂടെ പരിഹരിക്കാമെന്ന 63 മത് വകുപ്പിനെ ദുർവ്യാഖ്യാനം ചെയ്താണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
73-ാമത് വകുപ്പിൽ ഭേദഗതി വരുത്താതെ സർവകലാശാലകൾക്ക് സാമാന്തര കോഴ്സുകൾ ആരംഭിക്കാനാവില്ല. ഇങ്ങനെ വിലയിരുത്തുമ്പോൾ മന്ത്രിയുടെ വിശദീകരണം അക്ഷരാർത്ഥത്തിൽ നിയമവിരുദ്ധമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.