എസ്എസ്എല്‍സി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം തുടങ്ങി

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിക്കിടയിലും എസ്എസ്എല്‍സി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം തുടങ്ങി. ഈ മാസം 25 വരെയാണ് എസ്എസ്എല്‍സി മൂല്യനിര്‍ണയം. 12,290 അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണ ഉത്തരമെഴുതാന്‍ ചോയിസ് നല്‍കിയിരുന്നതിനാല്‍ മുഴുവന്‍ ഉത്തരങ്ങളും പരിശോധിക്കണമെന്ന് അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. അര്‍ഹരാണെങ്കില്‍ മുഴുവന്‍ മാര്‍ക്കും നല്‍കണം.

കര്‍ശനമായ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് എഴുപത് കേന്ദ്രങ്ങളിലായാണ് മൂല്യനിര്‍ണയം. ചോയിസ് കൂടുതലുള്ളതിനാല്‍ മുഴുവന്‍ ഉത്തരങ്ങളും പരിശോധിക്കണമെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിലും കെഎസ്ആര്‍ടിസി നടത്തിയ പ്രത്യേക സര്‍വീസിലുമായാണ് അധ്യാപകരെത്തിയത്.

ജൂണ്‍ ഒന്നിന് തുടങ്ങിയ പ്ലസ്ടു മൂല്യനിര്‍ണയം തുടരുകയാണ്. 80 ശതമാനത്തോളം അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്നു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെട്ടവര്‍ക്കും ക്വാറന്റീനിലായവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. അതിനിടെ പ്ലസ് ടുവിന്റെ ഡിജിറ്റല്‍ ക്ലാസുകളും ഇന്ന് തുടങ്ങി. രാവിലെ 8.30 മുതല്‍ 10 വരെയും വൈകിട്ട് അഞ്ചു മുതല്‍ ആറു വരെയും എന്ന രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. രണ്ടാഴ്ച ട്രയല്‍ ക്ലാസുകളാണു ഉണ്ടാകുക.