കൂട്ടംചേരലും പ്രകടനങ്ങളും കര്‍ശനമായി വിലക്കും; കമാന്‍ഡോ വിഭാഗത്തേയും രംഗത്ത് ഇറക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വോട്ടെണ്ണല്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കൂട്ടംചേരലുകളും പ്രകടനങ്ങളും കര്‍ശനമായി വിലക്കണമെന്ന് ഡിജിപി ലോക്‌സാത് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കി. ചൊവ്വാഴ്ച വരെ പ്രകടനങ്ങളും ആള്‍കൂട്ടങ്ങളും വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദ്ദേശം.

ജില്ലാ പൊലീസ് മേധാവിമാര്‍ ഉള്‍പ്പെടെയുളള ഫീല്‍ഡ് ഓഫീസര്‍മാര്‍ നാളെ മുതല്‍ പൊലീസ് നടപടികള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കും.

പ്രശ്നബാധിത മേഖലകളില്‍ ജില്ലാ പോലീസ് മേധാവിമാരുടെ പ്രത്യേക ശ്രദ്ധവേണമെന്നും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ അറിയിപ്പ് അനുസരിച്ച് പ്രധാന സ്ഥലങ്ങളില്‍ പൊലീസിന്റെ അര്‍ബന്‍ കമാന്റോ വിഭാഗത്തിന്റെ സേവനം ലഭ്യമാക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്റ്റ്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ്, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന ഈ നിയന്ത്രണങ്ങളെക്കുറിച്ച് സ്ഥാനാര്‍ത്ഥികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും മറ്റും ബോധവാന്‍മാരാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശങ്ങള്‍ക്ക് ചൊവ്വാഴ്ച വരെ പ്രാബല്യമുണ്ടായിരിക്കും.