കൊറോണ ആഘാതത്തിൽപ്പെട്ടുഴലുന്ന മനുഷ്യസമൂഹത്തിന് ക്രിസ്തുവിന്റെ ഉത്ഥാനം പ്രത്യാശ നൽകുന്ന മഹാരഹസ്യം: കർദ്ദിനാൾ മാർ ജോർജ്‌ ആലഞ്ചേരി

കൊച്ചി: കൊറോണയുടെ ആഘാതത്തിൽപ്പെട്ടുഴലുന്ന ഇന്നത്തെ മനുഷ്യസമൂഹത്തിന് ക്രിസ്തുവിന്റെ ഉത്ഥാനം പ്രത്യാശ നൽകുന്ന മഹാരഹസ്യമാണെന്ന് സീറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ്‌ ആലഞ്ചേരി. ഈ വൈറസ് ബാധയിൽനിന്നു മനുഷ്യസമൂഹം രക്ഷപ്പെട്ടുവരികയാണ്. എങ്കിലും, ഈ വൈറസിന്റെ വകഭേദങ്ങൾ ഇനിയും നമ്മെ പിടികൂടുമോ എന്ന ആശങ്കയിലാണല്ലോ നമ്മൾ.

ഉത്ഥിതനായ ഈശോ സ്വർഗ്ഗാരോഹണത്തിനുമുമ്പു ശിഷ്യന്മാരോടു പറഞ്ഞതുപോലെ ഇന്നു നമ്മോടും പറയുന്നുണ്ട്: ‘ഭയപ്പെടേണ്ട, ലോകാവസാനംവരെ ഞാൻ നിങ്ങളോടുകൂടെയുണ്ട്’. ഉത്ഥിതനായ മിശിഹായുടെ സാനിധ്യവും വചനങ്ങളും പ്രവൃത്തികളും നമുക്കിന്നു സഭയുടെതായ ശുശ്രൂഷകളിൻ നിന്നു ലഭിക്കുന്നു. ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ വാക്കുകളും പ്രവൃത്തികളും നമുക്കു പ്രത്യാശ പകരണമെന്ന് കർദ്ദിനാൾ ഓർമിപ്പിച്ചു.

രോഗങ്ങളോ പീഡനങ്ങളോ നമുക്കുണ്ടായാലും നാം നിരാശരാകരുത്. ഈ ദിവസങ്ങളിലും ക്രിസ്തീയ വിശ്വാസികളും ശുശ്രൂഷകരും ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടല്ലോ. ഝാൻസിയിൽ, നിരപരാധികളായ സന്യാസിനികൾ ട്രെയിൻ യാത്രയ്ക്കിടയിൽ ഭീഷണിക്കു വിധേയരായി. ഇന്തോനേഷ്യയിൽ മതതീവ്രവാദികൾ കൈ്രസ്തവരുടെമേൽ ഭീകരാക്രമണം നടത്തി. ആ ആക്രമണത്തിൽ ഇരുപതുപേർക്കു പരിക്കേറ്റു.

ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ മതതീവ്രവാദികൾ ക്രൈസ്തവർ ക്കുമേൽ നടത്തുന്ന ആക്രമണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. നിരന്തരമായ മതപീഡനങ്ങൾക്കു വിധേയരായ ഇറാക്കിലെ ക്രൈസ്തവർ ലോകമെമ്പാടും ചിതറിക്കപ്പെട്ടിരിക്കുകയാണ്. കദനത്തിന്റെ കഥകളുമായി കഴിയുന്ന അവിടത്തെ ക്രൈസ്തവരെ ആശ്വസിപ്പിക്കുന്നതിനാണു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ഈയിടെ ഇറാക്കു സന്ദർശിച്ചത്. അവിടെവച്ചു പരിശുദ്ധ പിതാവു നടത്തിയ ‘ആർക്കും ആരെയും ദൈവത്തിൻ്റെ പേരിൽ കൊലപ്പെടുത്താനോ നശിപ്പിക്കാനോ ആകില്ല’ എന്ന ധീരമായ പ്രഖ്യാപനം നാമൊക്കെ ശ്രവിച്ചതാണല്ലോ.

നാം നിരാശരോ ഭഗ്നാശരോ ആകേണ്ടതില്ല. ശിഷ്യൻ ഗുരുവിനെക്കാൾ മേലല്ലല്ലോ. കർത്താവിൽ ആശ്രയിച്ചു നാം പ്രത്യാശയോടെ മുന്നേറണം. പരസ്പരം ശക്തിപ്പെടുത്തണം. ദൈവാത്മാവിന്റെ ശക്തിക്കായി പ്രാർത്ഥിക്കണം. പ്രാർത്ഥനയ്ക്കായും ക്രൈസ്തവശുശ്രൂഷകൾക്കായും ഒന്നിച്ചുകൂടുമ്പോൾ നമ്മുടെ കൂട്ടായ്മ നമുക്കു ബലവും കോട്ടയുമായിരിക്കട്ടെ. നമുക്കുവേണ്ടി ജീവിക്കുകയും സഹനങ്ങൾ ഏറ്റെടുക്കുകയും മരിക്കുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത മിശിഹാ നമ്മുടെ ജീവതങ്ങൾക്കു ശക്തി പകരട്ടെ. മറ്റുള്ളവരുടെ ജീവിതങ്ങൾക്കു ശക്തി പകരാൻ നമ്മെ സഹായിക്കുകയും ചെയ്യട്ടെയെന്ന് ഉയിർപ്പുതിരുനാളിന്റെ മംഗളങ്ങൾ നേർന്നു കൊണ്ട് മാർ ആലഞ്ചേരി ആശംസിച്ചു.