സംസ്ഥാനത്ത് മെഡിക്കൽ കോളേജ് ഡോക്ടർമാർ  നാളെ ഒപി ബഹിഷ്കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ കോളേജ് അധ്യാപകർ  നാളെ ഒപി ബഹിഷ്കരിക്കും.
ആയുർവേദ പോസ്റ്റ് ഗ്രാജുവെറ്റ്സിനു  വിവിധ തരം ശസ്ത്രക്രിയകൾ ചെയ്യാമെന്ന    സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന്റെ ഉത്തരവിൽ പ്രതിഷേധിച്ചാണ് കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ബഹിഷ്കരിക്കരണം. അടിയന്തര സ്വഭാവമുള്ള ചികിത്സകളും കൊറോണ ചികിത്സയും ഒഴികെയുള്ള ജോലി ബഹിഷ്കരിക്കരണം ഐ എം എ രാജ്യവ്യാപകമായി  പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് സംസ്ഥാനത്ത് മെഡിക്കൽ കോളേജ് ഡോക്ടർമാർ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സമരത്തിൽ  പങ്കുചേരുന്നത്.

സമരത്തിൻ്റെ ഭാഗമായി നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ കൊറോണ രോഗികളുടെ  ചികിത്സകൾ,  അത്യാഹിത – അടിയന്തര സ്വഭാവമുള്ള സർവീസുകൾ, അടിയന്തിര ശസ്ത്രക്രിയകൾ, ലേബർ റൂം, ഇൻപേഷ്യന്റ് കെയർ,  ഐ സി യൂ കെയർ, തുടങ്ങിയ  ജോലികൾ ഒഴികയുള്ള ജോലികൾ ബഹിഷ്കരിക്കാനാണ് തീരുമാനമെന്ന് കെ ജി എം സി ടി എ സംസ്ഥാന പ്രസിഡൻ്റ് ഡോ. എസ് ബിനോയ്, സെക്രട്ടറി ഡോ. നിർമ്മൽ ഭാസ്കർ എന്നിവർ അറിയിച്ചു.

ആയുർവേദ പോസ്റ്റ് ഗ്രാജുവെറ്റ്സിനു  വിവിധ തരം ശസ്ത്രക്രിയകൾ ചെയ്യാമെന്ന്    സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ ഉത്തരവ്  ഇറക്കിയിരുന്നു. പുതിയതായി ഇറക്കിയ ഗസറ്റ് നോട്ടിഫിക്കേഷനിലാണ്  വിവിധ തരം ശാസ്ത്രക്രിയകൾ ഗ്രാജുവെറ്റ്സിന്റെ സിലബസ്സിൽ ഉൾപ്പെടുത്തിയത്. നിതി അയോഗിന്റെ കീഴിൽ പല വിധ സമിതികൾ ഉണ്ടാക്കി,  പലതരത്തിലുള്ള ചികിത്സരീതികൾ അശാസ്ത്രീയമായി കൂട്ടിയിണക്കാനുള്ള ഒരു തീരുമാനത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് ഇവർ കുറ്റപ്പെടുത്തി.

ഇത് മോഡേൺ മെഡിസിന്റെ അടിത്തറ മാത്രമല്ല, തനതായ ആയുഷ് ചികിത്സാരീതികളുടെ അടിത്തറകൂടി നശിപ്പിക്കും. കെജിഎംസിടിഎ എക്കാലത്തും വിവിധ തരം ചികിത്സരീതികളെ ആശാസ്ത്രീയമായി ചേർത്ത് മിക്സോപ്പതി പ്രാക്ടീസ് ചെയ്യുന്നതിനെ എതിർത്തിരുന്നു.
ശാസ്ത്രീയമായ ആധുനിക വൈദ്യശാസ്ത്രവും പ്രാചീനമായ മറ്റു  ചികിത്സാരീതികളും  കൂട്ടിക്കലർത്തുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നതാണെന്ന് കെ ജി എം സി ടി എ കുറ്റപ്പെടുത്തി.