ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് തയ്യാറാക്കാനുള്ള ഇന്നവേഷന്‍ ചലഞ്ചില്‍ ഒന്നാം സ്ഥാനം നേടിയത് ആലപ്പുഴയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനി. ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ടെക്ജൻഷ്യയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മൂന്നു ഘട്ടങ്ങളിലായി ആയിരത്തോളം കമ്പനികളിൽ നിന്നാണ് ടെക്ജൻഷ്യ ഒന്നാമതായത്. ഒരു കോടി രൂപയും മൂന്നു വർഷത്തേക്കുള്ള കരാറുമാണ് സമ്മാനം. ഇവർ വികസിപ്പിച്ചെടുത്ത വീ കൺസോൾ ആയിരിക്കും ഇനി ഇന്ത്യയുടെ ഔദ്യോഗിക വിഡിയോ കോൺഫറൻസിങ് ടൂൾ.
ചേർത്തലയിലെ ടെക്ജെൻഷ്യ എന്ന സ്ഥാപനത്തിന്റെ മേധാവിയാണ് പാതിരപ്പള്ളി സ്വദേശി ജോയ് സെബാസ്‌റ്റ്യൻ. ഇത്രയും നാള്‍ സൂമായിരുന്നു രാജ്യത്ത് കൂടുതലായും വീഡിയോ കോണ്‍ഫറന്‍സിംഗിന് ഉപയോഗിച്ചിരുന്നത്. മന്ത്രി രവിശങ്കര്‍ പ്രസാദാണ് വാര്‍ത്താസമ്മേളനത്തില്‍ വിജയികളെ പ്രഖ്യാപിച്ചത്.
രണ്ടായിരത്തോളം കമ്പനികളെ മറികടന്നാണ് ടെക്ജന്‍ഷ്യ ഈ നേട്ടം കരസ്ഥമാക്കിയത്.
ആദ്യ ഘട്ടത്തിൽ 12 ടീമുകളെയാണ് തിരഞ്ഞെടുത്തത്. അതിൽ നിന്നു 3 ടീമുകളാണ് അവസാന റൗണ്ടിൽ. കേരളത്തിൽനിന്നുള്ള ഏകകമ്പനിയായിരുന്നു ടെക്ജെൻഷ്യ. ലോക്ഡൗൺ കാരണം പല ഓഫിസുകളും വ്യക്തികളും സൂം (Zoom) വിഡിയോ കോളിങ് ആപ് ഉപയോഗിച്ചാണ് ചര്‍ച്ചകള്‍ നടത്തുന്നതും ‘നേരില്‍’ കാണുന്നതും.
സൂം ആപിന് സുരക്ഷ പോരെന്ന് ഇന്ത്യയും ഗൂഗിള്‍ കമ്പനിയുമടക്കം പലരും മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ, ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ പലരും ഇത് വകവയ്ക്കാതെ സൂം ഉപയോഗിച്ചു വരികയായിരുന്നു. ഇതോടെയാണ്, മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (MeitY) ഇന്ത്യന്‍ സ്റ്റര്‍ട്ട് – അപ്പുകളോട് സർക്കാരിന് ഉപയോഗിക്കാനായി ഒരു വിഡിയോ കോണ്‍ഫറന്‍സിങ് ആപ്സൃഷ്ടിക്കാന്‍ ആവശ്യപ്പെട്ടത്.