ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടറുടെ പോസ്റ്റ് വൈറൽ; ചിത്രവും കുറിപ്പും വ്യാജം; അക്കൗണ്ട് നിലവിലില്ല; തെളിവ് നിരത്തി നഴ്സുമാരുടെ സംഘടന

കൊച്ചി: കൊറോണ ഡ്യൂട്ടിക്കിടെ രോഗം ബാധിച്ച് മരിച്ച ഡോക്ടറുടേത് എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പലരും നൊമ്പരത്തോടെ പങ്കുവയ്ക്കുന്ന ചിത്രവും കുറിപ്പും വ്യാജമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. ഇങ്ങനെയൊരു വ്യക്തി തന്നെയില്ലെന്നും പോസ്റ്റ് ആദ്യം പങ്കുവച്ച ട്വിറ്റർ അക്കൗണ്ട് ഇപ്പോൾ നിലവിലില്ലെന്നും തെളിവ് സഹിതം സമർഥിക്കുന്നു. പ്രചരിക്കുന്നത് 2017ലെ ചിത്രമാണെന്നാണ് സമൂഹമാധ്യമങ്ങളുടെ കണ്ടെത്തൽ. നുണ പരത്തി ‘കൊറോണക്കെതിരേ ജനമനസാക്ഷി ഉണർത്തി’ സോഷ്യൽ മീഡിയ ആയുധമാക്കിയ ചിലരാണ് ഇതിന് പിന്നിൽ.

ഡോക്ടർമാരുടെ സംഘടനയായ ഐഎംഎയുടെ പ്രതിനിധി അടക്കം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് നിമിഷങ്ങൾക്കുള്ളിലാണ് ഫേസ്ബുക്കിൽ അടക്കം വൈറലായത്. തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധി സുൾഫി നൂഹു രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രി കിടക്കയിലെ ചിത്രം എന്ന് പ്രചരിപ്പിക്കുന്നത് ഒരു ദന്താശുപത്രിയിലെ ചിത്രമാണെന്നുമാണു വ്യക്തമാകുന്നത്.

“കണ്ണീരോർമയായി.. ഡോക്ടർ ഐഷയ്ക്ക് പ്രണാമം. ഡോ. ഐഷയുടെ അവസാന സന്ദേശം. കൊറോണ ബാധിച്ച് മരിക്കുന്നതിനു തൊട്ടുമുമ്പ്, വെന്റിലേറ്ററിലേക്ക് മാറ്റപ്പെടുന്നതിന് തൊട്ടുമുമ്പ്, ഡോ.ഐഷ ട്വിറ്ററിൽ കുറിച്ച അവസാന സന്ദേശം.!
ഹായ്, എന്നെ സംബന്ധിച്ചിടത്തോളം കൊറോണയെ നേരിടുന്നത് അത്ര എളുപ്പമല്ല. ശ്വാസംമുട്ടൽ കൂടുന്നതേയുള്ളൂ. ഇന്ന് എപ്പോഴെങ്കിലും എന്നെ വെന്റിലേറ്ററിലേക്ക് മാറ്റും. എന്നെ ഓർക്കുക, . സുരക്ഷിതമായിരിക്കുക. ഈ മാരകമായ വൈറസിനെ ഗൗരവമായി എടുക്കുക. ലവ് യു, ബൈ”, ഡോക്ടർ ഐഷ കൊറോണയോട് പൊരുതി മരിച്ചെന്നും അവരുടെ അവസാന വാക്കുകൾ എന്ന പേരിലുമായിരുന്നു സന്ദേശം സമൂഹമാധ്യമങ്ങലിൽ ട്രെൻഡിങ്ങായത്.