ചെന്നൈ: ഇന്ത്യയുടെ ചന്ദ്രയാൻ -2 ദൗത്യത്തിന്റെ ഭാഗമായ പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ചുവെന്ന് ഐടി വിദഗ്ധൻ ഷൺമുഖ സുബ്രഹ്മണ്യം. ചെന്നൈ സ്വദേശിയായ ഷൺമുഖ സുബ്രഹ്മണ്യം നേരത്തെ വിക്രം ലാൻഡർ കണ്ടെത്താൻ ഐഎസ്ആർഒയെ സഹായിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പുതിയ വാദവും ഇപ്പൊൾ ചർച്ചയായിരിക്കുകയാണ്.
ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ ഇടിച്ചിറങ്ങിയത് കാരണം പുറത്തുവന്ന റോവർ മീറ്ററുകളോളം സഞ്ചരിച്ചെന്നും എന്നാൽ ഇടിച്ചിറങ്ങിയതിന്‍റെ ആഘാതത്തിൽ പേലോഡുകൾ പ്രവർത്തന രഹിതമാവുകയായിരു ന്നെന്നുമാണ് സുബ്രഹ്മണ്യം കണ്ടെത്തിയിരുന്നത്.
എന്നാൽ ഇക്കാര്യത്തിൽ ഐഎസ്ആർഒ ഇത് വരെ വിശദീകരണങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല. വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങളിൽ ലാങ്മ്യൂർ പ്രോബ് എന്ന ഉപകരണത്തെയാണ് താൻ കണ്ടെത്തിയത് എന്നും നാസ കണ്ടെത്തിയത് മറ്റു ഉപകരണങ്ങളായ ആന്റിന, റിട്രോ ബ്രേക്കിംഗ് എഞ്ചിൻ, സോളാർ പാനലുകൾ എന്നിവയാകമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിരവധി ട്വിറ്റർ പോസ്റ്റുകളിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നാസയുമായും ഐഎസ്ആർഒയുമായും ഇക്കാര്യം പങ്ക് വച്ചിട്ടുണ്ടെന്നും അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാസയുടെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് അദ്ദേഹം റോവറിനെ നിരീക്ഷിക്കാൻ ആരംഭിച്ചത്.