തിരുവനന്തപുരം: ടെലഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ ലോക്ക്ഡൗണ്‍ കാലയളവില്‍ ധാരാളം വ്യാജ ഷോപ്പിംഗ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. ഇതുമായി ബന്ധപെട്ട് നിരവധി ഉപഭോക്താക്കളുടെ പണം നഷ്ടപ്പെട്ടതായി പരാതികള്‍ ലഭിച്ചിട്ടുള്ളതിനാല്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് കേരള പോലീസ് വ്യക്തമാക്കുന്നു.
ഇത്തരം ഗ്രൂപ്പുകളുടെ/ സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ പണമിടപാടുകള്‍ നടത്താവൂ. ഇത്തരം ഇടപാടുകളില്‍ നിങ്ങളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍, പിന്‍ നമ്പര്‍, ഒടിപി എന്നിവ ഒരുകാരണവശാലും പങ്കുവയ്ക്കരുതെന്നും പൊലീസ് അറിയിച്ചു.
പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്പനികളുടെ പേരില്‍ തപാലില്‍ സ്‌ക്രാച്ച് കാര്‍ഡ് അയച്ച് പണം തട്ടുന്ന സംഭവങ്ങളും സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അടുത്തിടെ കാസര്‍ഗോഡുള്ള ഒരു വീട്ടമ്മയ്ക്ക് ഇത്തരത്തില്‍ സ്‌ക്രാച്ച് കാര്‍ഡ് തപാലില്‍ ലഭിച്ചിരുന്നു.
പ്രധാനപ്പെട്ട ഓണ്‍ലൈന്‍ വ്യാപാര കമ്പനികള്‍ ഒന്നും ഇത്തരത്തില്‍ വമ്പന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച സ്‌ക്രാച്ച് കാര്‍ഡ് അയക്കാറില്ല എന്നതാണ് വാസ്തവം. അതിനാല്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.