കേരളത്തിൽ കൊറോണ രോഗികൾ വർധിക്കും ; ഓഗസ്റ്റിൽ രോഗികൾ 12,000 കടക്കാം

തിരുവനന്തപുരം: വരും ദിവസങ്ങളിൽ കേരളത്തിൽ കൊറോണ രോഗികൾ വൻതോതിൽ വർധിക്കുമെന്ന് സൂചന. ഇതിൻ്റെ വ്യക്തമായ സൂചനയാണ് ശനിയാഴ്ച മാത്രം 195 പേർക്ക് രോഗം ബാധിച്ചത്. ഈ രീതി തുടർന്നാൽ അടുത്ത ആഴ്ച രോഗികൾ 200 ന് മുകളിലാകാം. കൊറോണ പോസിറ്റീവ് കേസുകൾ സംസ്ഥാനത്ത് അനുദിനം വർധിക്കുകയാണ്. വർദ്ധനയുടെ കണക്കനുസരിച്ച് ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയോടെ രോഗികൾ 12,000 കടക്കുമെന്നാണ് ആരോഗ്യ വിദഗ്ദർ വിലയിരുത്തുന്നത്.

ഏറെ ജാഗ്രത പുലർത്തേണ്ടത് ജനങ്ങളാണ്. രോഗവ്യാപന സാധ്യത നിലനിൽക്കെ പ്രതിരോധ നടപടികൾ സ്വീകരിക്കാതെയുള്ള ഇടപെടലുകൾ വൻ പൊട്ടിതെറിക്ക് കാരണമാകാം. പല വികസിത രാജ്യങ്ങളും ആദ്യഘട്ടത്തിൽ കൊറോണയെ നിസാരമായി കണ്ടതാണ് അവിടങ്ങളിൽ രോഗം പടർന്ന് പിടിച്ച് മരണസംഖ്യ കൂടാൻ കാരണമായതെന്ന് വിദഗ്ധർ പറയുന്നു.

വിദേശത്തു നിന്നെത്തുന്നവരെ ഫലപ്രദമായി ക്വാറൻ്റീൻ ചെയ്യാൻ സർക്കാർ തുനിയാത്തത് സാമൂഹിക വ്യാപനത്തിലേക്ക് വഴിതെളിക്കാനിടയുണ്ട്.സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം തുടർച്ചയായി 100 കടക്കുമ്പോഴും നിലവിലുള്ള മാനദണ്ഡത്തിൽ ഉടൻ മാറ്റം ആവശ്യമില്ലെന്ന നിലപാടിലാണ് സർക്കാർ.

Representational Image Only

രോഗമുക്തി നിരക്ക് 51.78 ശതമാനമാണ്. നേരിയ രോഗലക്ഷണം മാത്രമുള്ളവരെ പ്രവേശിപ്പിക്കാൻ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സംസ്ഥാനത്തുടനീളം സജ്ജമാക്കാൻ ഒരുക്കം തുടങ്ങിയിട്ടുണ്ട്. രോഗത്തിന്റെ തോതനുസരിച്ച് രോഗികളെ തരംതിരിച്ചുള്ള ചികിത്സാ സമീപനമാകും ഉണ്ടാവുക. ഇതിൽ ലക്ഷണമില്ലാത്ത, ഗുരുതരമാകാത്ത രോഗികളെ വീട്ടിൽത്തന്നെ ഇരുത്തി ചികിത്സ നൽകുന്ന രീതിയിലേക്ക് മാറും.

കേസുകൾ കൂടുമ്പോഴും സമ്പക്കത്തിലൂടെയുള്ള രോഗവ്യാപനം പിടിച്ചുനിർത്താനാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം കേസുകളുടെ എണ്ണം കൂടുന്നത് മുന്നിൽക്കണ്ട് ചികിത്സാ സമീപനം പരിഷ്കരിക്കാൻ ശ്രമം തുടങ്ങി.

സമ്പർക്ക രോഗവ്യാപനം 5 ശതമാനത്തിന് താഴെ നിർത്താനായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ഇത് ശ്രമകരവുമാണ്. എങ്കിലും കേരളത്തിലേക്ക് ആളുകൾ മടങ്ങിയെത്താൻ തുടങ്ങിയത് മുതൽ ഇതുവരെ രോഗം ബാധിച്ചവരിൽ സമ്പർക്കം 9 ശതമാനത്തിനടുത്താണ്. മടങ്ങിയെത്തിയ 3572ൽ നിന്ന് 312 പേരിലേക്കാണ് രോഗം പകർന്നത്. ഇത് ആശ്വാസകരമെന്നാണ് വിലയിരുത്തൽ.

Representational Image Only

അതിന് മുൻപാകട്ടെ സമ്പർക്കത്തിലൂടെയുള്ള രോഗത്തിന്റെ തോത് 33 ശതമാനമായിരുന്നു. പ്രാദേശിക വ്യാപനം പിടിച്ചു നിർത്താനാവുന്നതിനാലാണ് പ്രോട്ടോക്കോൾ മാറ്റം നിലവിൽ ആവശ്യമില്ലെന്ന നിലപാട്. ഈ സമീപനം ശക്തമായി നടപ്പാക്കുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. വ്യാപനം തടയാൻ തിരുവനന്തപുരത്തും തൃശൂരും നടപ്പാക്കിയ നിലവിലെ കണ്ടെയിന്മെന്റ് സോൺ മാതൃക തുടരും. ക്ലസ്റ്ററുകൾ രൂപപ്പെടാതിരിക്കാൻ ഊന്നൽ. ഇതിൽ പാളിച്ചയുണ്ടായാലാകും മറ്റ് നടപടികളിലേക്ക് പോവുക.

അതേസമയം സമൂഹവ്യാപന ആശങ്കയിലുള്ള തിരുവനന്തപുരത്തെ ചിത്രം വ്യക്തമാകാൻ ഇനിയും സമയമെടുക്കും. എന്നാൽ രോഗികളുടെ എണ്ണത്തിലെ പെട്ടെന്നുള്ള വർധന ആശങ്കയുണ്ടാക്കുന്നതാണ്. ഈ മാസം അവസാനത്തോടെ പ്രതിദിനം 170 കേസുകൾ വരെയുണ്ടാകുമെന്ന് കണക്കാക്കിയിടത്ത് ഇപ്പോൾ 192 വരെയായി. വരും ദിവസങ്ങൾ കേരളത്തെ സംബന്ധിച്ച് ഏറെ നിർണായകമാണ്. കാലവർഷവും കനക്കുമെന്നതിനാൽ വ്യക്തമായ കാഴ്ചപ്പാടോടെ നീങ്ങണ്ട ദിവസങ്ങളാണ് ഇനിയുള്ളത്.