സംസ്ഥാനങ്ങളുടെ വായ്പ ; കേന്ദ്രം നിബന്ധനകൾ അടിച്ചേൽപിക്കാൻ ശ്രമിക്കരുത് : തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അതേസമയം സംസ്ഥാനങ്ങൾക്ക് വായ്പ അനുവദിക്കുന്നതിന് നിബന്ധനങ്ങൾ വച്ചതിനോട് യോജിക്കാനാകില്ലെന്നും തോമസ് ഐസക് പറഞ്ഞു.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ സാമ്പത്തിക പാക്കേജിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വായ്പ്പ പരിധി മൂന്നു ശതമാനത്തിൽനിന്ന് അഞ്ചുശതമാനമാക്കി ഉയർത്താൻ തീരുമാനിച്ചതിനാൽ
സംസ്ഥാനങ്ങളിലെ ഭരണസ്തംഭനം ഒഴിവാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. അതേസമയം നിബന്ധനകൾ
അടിച്ചേൽപിക്കാൻ ശ്രമിക്കരുതെന്നും
സംസ്ഥാനത്തിന്റെ എതിർപ്പ് കേന്ദ്രത്തെ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയും മറ്റുമായി സംസാരിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. പ്രതിസന്ധി കാലഘട്ടത്തിൽ പരിഷ്‌കാര നടപടികൾ കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ ശ്രമം. കേന്ദ്രത്തിന്റെ ഇത്തരം നടപടികൾ പൊതുമേഖലയെ നശിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് മുൻഗണന അനുസരിച്ച് ചെലവാക്കാൻ തരുന്ന വായ്പകൾ മുതലും പലിശയും ചേർത്ത് സംസ്ഥാനങ്ങൾ തിരിച്ചടയ്ക്കേണ്ടതാണ്. അതിന് നിബന്ധന വെക്കുന്നതിൽ എന്ത് അർഥത്തിലാണെന്നും ആ നിബന്ധനകൾ ഒഴിവാക്കണമെന്നും അല്ലെങ്കിൽ നിബന്ധനകളെ കുറിച്ച് ചർച്ച വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിൽ മുപ്പത്തയ്യായിരം കോടിയുടെ വരുമാന ഇടിവ് ഈ വർഷം ഉണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ ഇടിവ് മറികടക്കാൻ കേന്ദ്രസർക്കാർ ജി.എസ്.ടി. കോമ്പൻസേഷൻ പൂർണമായും തരണമെന്നും മന്ത്രി ആവശ്യപ്പെട്ടു കേന്ദ്ര ബജറ്റിലുള്ള സംസ്ഥാന വരുമാനത്തിന്റെ അഞ്ചു
ശതമാനം എടുക്കാന്‍ കേന്ദ്ര സർക്കാർ അനുവദിക്കണമെന്നും തൊഴിലുറപ്പ് കൂലി മുന്‍വര്‍ഷത്തെ അനുപാതത്തില്‍ മുന്‍കൂറായി നല്‍കമെന്നും മന്ത്രി പറഞ്ഞു.