കേന്ദ്ര സാമ്പത്തിക പാക്കേജ് പ്രഹസനം: തോമസ് ഐസക്ക്

തിരുവനന്തപുരം: ഓരോ ദിവസം കഴിയുംതോറും കേന്ദ്രം പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് കൂടുതൽ കൂടുതൽ പ്രഹസനമായി മാറുകയാണെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്. പൊതുആരോഗ്യ മേഖലക്ക് തുക മാറ്റിവെച്ചിട്ടില്ലെന്നും സ്വകാര്യ ആശുപത്രികള്‍ക്ക് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് എന്ന പേരില്‍ 8100 കോടിയുടെ പദ്ധതി അനുവദിച്ചിട്ടുണ്ട്.

പ്രതിരോധ രംഗത്തെ സ്വകാര്യ നിക്ഷേപം, വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണം, കല്‍ക്കരി ഖനനത്തിലെ സ്വകാര്യ പങ്കാളിത്തം തുടങ്ങിയ കേന്ദ്ര തീരുമാനങ്ങളെയും തോമസ് ഐസക് വിമര്‍ശിച്ചു. വൈദ്യുതി നിയമം സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കാന്‍ തുച്ഛമായ തുക മാത്രമാണ് പാക്കേജില്‍ വകയിരുത്തിയതെന്നും നാലാം ദിനം കോര്‍പ്പറേറ്റുകളെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങളാണ് ഉണ്ടായതെന്നും ധനമന്ത്രി വിമര്‍ശിച്ചു. ‍ ആറ് എയർപോർട്ടുകൾ സ്വകാര്യവൽക്കരിച്ചു. മൂന്നെണ്ണം അവാർഡും ചെയ്തു. 12 എയർപോർട്ടുകൾകൂടി സ്വകാര്യവൽക്കരിക്കും. എയർപോർട്ടുകളിലെ മെയിന്റനൻസ്, റിപ്പയർ തുടങ്ങിയിട്ടുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കും. അതിനുവേണ്ടി അവർക്ക് പ്രതിരോധ വിമാനങ്ങളും നന്നാക്കാനുള്ള അവകാശം കൊടുക്കുമെന്നും അദ്ദേഹം വിമർശിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.