ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയുംഡൽഹി ആം ആദ്മി ചൂലുകൊണ്ട് തൂത്തുവാരി.


വികസനത്തിന്റെ പട നയിച്ച് ഭരണത്തുടർച്ച എന്ന മുദ്രാവാക്യം ഉയർത്തിയ കേജരിവാൾ വീണ്ടും കരുത്ത് കാട്ടി. ആകെയുള്ള 70 സീറ്റിൽ 63 എണ്ണം നേടിയാണ് ആം ആദ്മി ചരിത്രപരമായ നേട്ടം കൈവരിച്ചത്. അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ച ബി ജെ പി ക്ക് വെറും ഏഴു സീറ്റ് എന്ന ഒറ്റ അക്കത്തിൽ തൃപ്തിയടഞ്ഞ് ന്യായീകരിക്കേണ്ടി വന്നു. കോൺഗ്രസാകട്ടെ ഒരു സീറ്റു പോലും നേടാൻ കഴിയാതെ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയ പരാജയമേറ്റു വാങ്ങി.


എക്സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്ന ഫലങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോൾ തന്നെ ആം ആദ്മി പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് വ്യക്തമായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ബിജെപി പിന്നീട് 20 ന് താഴേക്ക് പോയി. എങ്കിലും ബിജെപി കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തി.2005 ൽ ബിജെപിയ്ക്ക് നാലു സീറ്റേ ഉണ്ടായിരുന്നുള്ളൂ. മൂന്ന് സീറ്റുകൾ അധികം നേടി. കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തെ പോലെ ഒരു സീറ്റിലും വിജയിക്കാൻ കഴിയാതെ ദയനീയ പരാജയമടഞ്ഞു.


കേജരിവാൾ ന്യൂഡെൽഹി മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്. ആം ആദ്മിയുടെ കരുത്തനായ നേതാവ് മനീഷ് സിസോദിയ തോൽവി മണത്തെങ്കിലും അവസാനം നിസാര വോട്ടുകൾക്ക് കടന്നു കൂടി. ആം ആദ്മിയില്‍നിന്ന് കൂറുമാറി അവസാന ഘട്ടത്തില്‍ കോണ്‍ഗ്രസില്‍ എത്തിയ അല്‍ക്ക ലാംബ ചാന്ദ്നിചൗക്ക മണ്ഡലത്തില്‍ പരാജയപ്പെട്ടു.
പൗരത്വ നിയമ ദേദഗതിക്കെതിരേ പ്രതിഷേധം കൊടുമ്പിരി കൊണ്ട ഷഹീന്‍ബാഗും ജാമിയ മില്ലിയയും ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അമാനുത്തുല്ല ഖാന്‍ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.


രാവിലെ  എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.  പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോൾ ആം ആദ്മി പാര്‍ട്ടിയുടെ വന്‍ മുന്നേറ്റമാണ് ദൃശ്യമായത്. ആദ്യ മണിക്കൂറുകളിൽ ബിജെപി ലീഡ് ചെയ്ത മണ്ഡലങ്ങൾ കീഴ്മേൽ മറിയുന്നതാണ് പിന്നീട് കണ്ടത്. അവസാന മണിക്കൂറിൽ ശക്തമായ തിരിച്ചു വരവ് പ്രതീക്ഷിച്ച ബിജെപിക്ക് നിരാശയാണുണ്ടായത്.പഠിച്ച പണി പതിനെട്ടും പയറ്റിട്ടും മൂന്ന് സീറ്റു മാത്രമാണ് ബിജെപിക്ക് അധികം ലഭിച്ചത്.