തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിൽ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ കുറ്റപത്രം സമർപ്പിക്കും മുമ്പ് തിരക്കിട്ട് സര്‍വ്വീസില്‍ പ്രവേശിപ്പിക്കാന്‍ നീക്കം. ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതിയാണ് ശ്രീറാമിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
സംഭവം നടന്ന് ആറു മാസമാകാറായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതും ദുരൂഹതയുണർത്തുന്നുവെന്നാക്ഷേപം ശക്തമായിട്ടുണ്ട്.
ശ്രീറാമിന്റെ സസ്പെന്ഷന് കാലാവധി ആറ് മാസം തികയാനിരിക്കെയാണ് ഇതിൽ കുടുതൽ മാറ്റി നിർത്താനാവില്ലെന്ന സർവ്വീസ് ചട്ടത്തിന്റെ പിൻബലത്തിലാണ് തിരിച്ചെടുക്കാന്‍ ശുപാര്‍ശ.ജേക്കബ് തോമസ് ഐപിഎസിനെ തരം താഴ്ത്താൻ തീരുമാനമെടുത്ത പിണറായി സർക്കാർ ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.
2019 ഓഗസ്റ്റ് മൂന്നിന് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപമാണ് ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാർ ബൈക്കിലിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്. പോലീസ് അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ സംഭവത്തെക്കുറിച്ച് ഏറെ ദുരൂഹത ഉയർന്നിരുന്നു. തെളിവുകൾ ഇല്ലാതാക്കാൻ വിവിധ തലങ്ങളിലുണ്ടായ ഏകോപനവും ഗൂഡാലോചനയും വിവാദമായിരുന്നു. മാധ്യമ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന്
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു.
അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ട് ദിവസങ്ങൾക്കുള്ളില്‍ വരാനിരിക്കെയാണ് ചീഫ് സെക്രട്ടറിയുടെ പെട്ടെന്നുള്ള ശുപാര്‍ശ. കമ്മീഷൻ റിപ്പോര്‍ട്ട് വരും മുമ്പ് തിരക്കിട്ട് നടത്തിയ നീക്കം കേസിൽ നിന്ന് ഊരാൻ ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഗൂഡാലോചനയിലേക്ക് സംശയം ജനിപ്പിക്കുന്നതാണ്.
സസ്പെന്ഷന് കാലാവധി ആറ് മാസം പിന്നിടുമ്പോൾ അത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാമിന് വേണമെങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് പറയുന്നു.
സംഭവസമയത്ത് സര്‍വ്വേ ഡയറക്ടറായിരുന്ന ശ്രീറാമിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കില്‍ ചട്ടപ്രകാരം ശ്രീറാമിന്റെ സസ്പെന്ഷന് റദ്ദാക്കാന്‍ സാധിക്കുമായിരുന്നില്ല. അപകടം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന വനിതാസുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചതെന്നായിരുന്നു ശ്രീറാം ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിക്ക് നല്‍കിയിരുന്ന വിശദീകരണം.
അപകടസമയത്ത് മദ്യപിച്ചിരുന്നുവെന്ന ആരോപണം ശ്രീറാം നിഷേധിക്കുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ തന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നില്ലെന്നും നേരത്തെ സമിതിക്ക് വിശദീകരണം നൽകിയിരുന്നു. മനപൂർവ്വമല്ല അപകടമെന്ന ശ്രീറാമിന്റെ വിശദീകരണം സമിതി അംഗീകരിച്ചെന്നാണ് അറിയുന്നത്.
കേരളത്തെ ഞെട്ടിച്ച അർധരാത്രിയിലെ നരഹത്യയുടെ ദുരൂഹത മറയ്ക്കാൻ നടന്ന നീക്കങ്ങൾ പുറത്തുമോ എന്ന കാത്തിരിപ്പ് ഫലം കാണുമോ എന്ന സംശയം ബാക്കി.