സമരക്കാര്‍ക്ക് കല്ല് വേറെ വാങ്ങി കൊടുക്കാം; കല്ല് വാരി കൊണ്ടുപോയാല്‍ പദ്ധതി ഇല്ലാതാകുമോയെന്ന് കോടിയേരി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ തകര്‍ക്കാന്‍ സംയുക്ത നീക്കം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ്, ബിജെപി, എസ്.ഡി.പി.ഐ, ജമാ അത്ത് ഇസ്ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് നടക്കുന്നതെന്ന് കോടിയേരി വ്യക്തമാക്കി.

കെ റെയില്‍ സര്‍വേ കല്ലിടലിനെതിരെ സമരം ചെയ്യുന്നവരെയും കല്ലിളക്കി മാറ്റുന്നവരെയും കോടിയേരി വിമര്‍ശിച്ചു. സമരക്കാര്‍ക്ക് കല്ല് വേണമെങ്കില്‍ വേറെ വാങ്ങി കൊടുക്കാമെന്നും കല്ല് വാരി കൊണ്ടു പോയാല്‍ പദ്ധതി ഇല്ലാതാകുമോയെന്നും കോടിയേരി ചേദിച്ചു.

കെ റെയില്‍ വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തി കേരളത്തെ കലാപ ഭൂമിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എതിര്‍പ്പിന് വേണ്ടിയുള്ള എതിര്‍പ്പാണിതെന്ന് പറഞ്ഞ കോടിയേരി കേരളത്തില്‍ ഇതാദ്യമായാണ് വികസന പദ്ധതികളെയെല്ലാം എതിര്‍ക്കുന്ന ഒരു പ്രതിപക്ഷം ഉണ്ടായതെന്ന് കുറ്റപ്പെടുത്തി.