രാജ്യസഭാ സീറ്റ്: ഹൈക്കമാന്റിന് പട്ടിക കൈമാറി കെപിസിസി

തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഹൈക്കമാന്റിന് കൈമാറി കെപിസിസി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് തോറ്റവരെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കേണ്ടയെന്ന നിലപാടിലായിരുന്നു കെ സി വേണുഗോപാല്‍ പക്ഷം നേതാക്കള്‍.

എം ലിജുവിനായി കെ സുധാകരന്‍ രംഗത്ത് വന്നത് മറ്റ് നേതാക്കള്‍ക്ക് അലോസരമുണ്ടാക്കിയിരുന്നു. ജോണ്‍സണ്‍ എബ്രഹാമിന്റെ പേരാണ് കെ സി പക്ഷം മുന്നോട്ട് വച്ചത്. ജെയ്സണ്‍ ജോസഫ്, സോണി സെബാസ്റ്റന്‍ എന്നിവരെ പരിഗണിക്കണമെന്നായിരുന്നു എ ഗ്രൂപ്പിന്റെ ആവശ്യം.

അതേസമയം രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായ എ.എ. റഹീമും പി. സന്തോഷ് കുമാറും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെയാണ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചത്. 2011ല്‍ വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ നിന്ന് റഹീം മത്സരിച്ചെങ്കിലും അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വര്‍ക്കല കഹാറിനോട് തോറ്റിരുന്നു. നിലവില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ് റഹീം.