കൊച്ചി: ഡീസല്‍ വില കൂട്ടിയതിനെതിരെ ഹര്‍ജിയുമായി കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. പൊതുമേഖല എണ്ണക്കമ്പനികള്‍ വില കുത്തനെ വര്‍ധിപ്പിച്ചതിനെതിരെയാണ് കെഎസ്ആര്‍ടിസി ഹര്‍ജി നല്‍കിയിരിക്കുന്നത്. ലിറ്ററിന് 21 രൂപ 10 പൈസ കൂട്ടിയ നടപടി കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം.
നേരത്തേ ഐഒസി ലിറ്ററിന് 7 രൂപ കൂട്ടിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയില്‍ പോകാനായിരുന്നു കോടതി ഉത്തരവ്. ഇത് നിലനില്‍ക്കെയാണ് ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍ പെടുത്തി എണ്ണവില വീണ്ടും കുത്തനെ കൂട്ടിയത്.
സ്വകാര്യ മേഖലയെ സഹായിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസിയെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിടുന്നതാണ് ഇന്ധനവില വര്‍ധനയെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ധനവില ഈ രീതിയില്‍ കൂടിയാല്‍ ഇനി എന്തു സഹായം നല്കിയാലും കെഎസ്ആര്‍ടിസിക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.