വധഗൂഢാലോചന കേസ്: ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയെ ചോദ്യം ചെയ്‌തേക്കും, സായ് ശങ്കര്‍ ഇന്ന് ഹാജരായില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്‌തേയ്ക്കും. ബി രാമന്‍ പിള്ളക്കെതിരെ ബാര്‍ കൗണ്‍സിലില്‍ ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയിരുന്നു. സാക്ഷിയെ സ്വാധീനിക്കുന്നതുള്‍പ്പെടെ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്നും പരാതിയില്‍ പറയുന്നു. അഭിഭാഷകന്റെ ഓഫീസില്‍ വച്ച് ഫോണിലെ നിര്‍ണായകമായ തെളിവുകള്‍ നശിപ്പിക്കാന്‍ ബി രാമന്‍ പിള്ള പ്രതികള്‍ക്ക് സഹായം ചെയ്തു കൊടുത്തെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

അതേസമയം ദിലീപിന്റെ ഫോണ്‍വിവരങ്ങള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഫോണിലെ വിവരങ്ങള്‍ മാറ്റിയത് സായിയുടെ ഐ മാക് സിസ്റ്റം വഴിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സായി ശങ്കറിന്റെ ഭാര്യയുടെ ബുട്ടീക്കില്‍ നടത്തിയ റെയ്ഡില്‍ ഐ മാക് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിനുമായി ദിലീപ് ഫോണില്‍ സംസാരിച്ചത് അന്വേഷിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ പറഞ്ഞു.

ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യംചെയ്യലിന് സായ് ശങ്കര്‍ ഇന്ന് ഹാജരായില്ല. ഹാജരാകുന്നതിന് 10 ദിവസം വേണമെന്ന് സായ് ശങ്കര്‍ ആവശ്യപ്പെട്ടു. ഇമെയില്‍ മുഖാന്തരമാണ് ഹാജരാകാന്‍ കഴിയില്ലെന്ന് സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. സായ് ശങ്കറിന്റെ ഭാര്യയും ഹാജരാകില്ല. കൊറോണ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്നാണ് വിശദീകരണം.