കൊച്ചി: കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347-ാം നമ്പര്‍ തൂണ്‍ ചരിഞ്ഞതിന് കാരണം കണ്ടെത്തി പഠനം. മെട്രോയുടെ ചരിഞ്ഞ തൂണിന്റെ പൈലിങ് ഭൂമിക്കടിയിലെ പാറയില്‍ തട്ടാത്തതാണ് കാരണമെന്നാണ് പഠനം. ജിയോ ടെക്നിക്കല്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പഠന വിവരം കെഎംആര്‍എല്‍ പുറത്തുവിട്ടിട്ടില്ല.
തൂണ്‍ സ്ഥാപിച്ചിരിക്കുന്നതിന് 10 മീറ്റര്‍ താഴെയുള്ള പാറയില്‍ പൈലിങ് എത്തിയിട്ടില്ലെന്നാണ് കണ്ടെത്തല്‍. പാറയ്ക്ക് ഒരു മീറ്റര്‍ മുകളിലാണ് പൈലിങ്. മണ്ണിനടില്‍ പാറ കണ്ടെത്തുന്നത് വരെ പൈലടിച്ചാണ് മെട്രോ തൂണുകള്‍ നിര്‍മ്മിക്കണം. ശേഷം പൈലിങ് പാറയില്‍ എത്തിയാല്‍ പാറ തുരന്ന് പൈലിങ് പാറയില്‍ ഉറപ്പിക്കണം. പത്തടിപ്പാലത്ത് ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് തൂണിന് ചരിവ് സംഭവിക്കാന്‍ കാരണം.
രണ്ടാഴ്ച മുമ്പ് നടത്തിയ പതിവ് പരിശോധനയിലാണ് തൂണിന് ചരിവ് കണ്ടെത്തിയത്. തൂണിനുണ്ടായ ചരിവ് കണ്ടെത്താന്‍ വിദഗ്ധര്‍ പരിശോധന നടത്തിയിരുന്നു. പത്തടിപ്പാലത്തെ 347-ാം നമ്പര്‍ തൂണിന് സമീപത്തെ മണ്ണിന്റെ ഘടനയാണ് പ്രധാനമായും പരിശോധിച്ചത്. കെഎംആര്‍എല്ലിന്റെയും ഈ ഭാഗത്തെ മെട്രോ പാത നിര്‍മിച്ച കരാറുകാരായ എല്‍ ആന്റ് ടിയുടെയും സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്.