സന്ദേശം വരും; വ്യാജനെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ നൈജീരിയയ്ക്ക് പണം പോകും; പോലീസ് മുന്നറിയിപ്പ്

തിരുവനന്തപുരം: കൊറോണ പശ്ചാത്തലത്തില്‍ പണം തട്ടാനായി വ്യാജസന്ദേശം അയയ്ക്കുന്ന നൈജീരിയന്‍ സംഘത്തിനെതിരെ പൊലീസിന്റെ മുന്നറിയിപ്പ്. മന്ത്രിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഇമെയില്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.

നൈജീരിയന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് സൈബര്‍ ഡോം കണ്ടെത്തി. അന്താരാഷ്ട്ര ബന്ധങ്ങളുളള തട്ടിപ്പ് സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സിബിഐയ്ക്ക് കത്തയച്ചു.

മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അയയ്ക്കുന്നതെന്ന വ്യാജേന പണമോ സേവനങ്ങളോ ആവശ്യപ്പെട്ട് ലഭിക്കുന്ന സന്ദേശങ്ങള്‍ അവഗണിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് എന്ന വ്യാജേനയാണ് പല സന്ദേശങ്ങളും എത്തിയത്. നിരവധിപേര്‍ക്ക് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിച്ചത് ശ്രദ്ധയില്‍പ്പെട്ടാണ് സൈബര്‍ ഡോം അന്വേഷണം ആരംഭിച്ചത്.