ചങ്ങനാശ്ശേരി: മനുഷ്യശൃംഖല തീര്‍ത്ത്മാടപ്പള്ളി മുണ്ടുകുഴിയില്‍ കെ റെയില്‍ കല്ലിടലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു. നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. കല്ലിടല്‍ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന പൊലീസ് ഭീഷണിക്ക് മുന്നില്‍ നാട്ടുകാര്‍ വഴങ്ങിയില്ല.
വലിയ പ്രതിഷേധമാണ് മുണ്ടുകുഴിയില്‍ നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായത്. ഒടുവില്‍ കല്ലുമായെത്തിയ വാഹനം തിരികെപ്പോകേണ്ടതായി വന്നു. നാട്ടുകാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിക്കുകയും ആക്രോശിക്കുകയുമാണുണ്ടായത്. കൂട്ട ആത്മഹത്യ നടത്തുമെന്ന് സമരക്കാര്‍ പറഞ്ഞു. മണ്ണെണ്ണ ഉയര്‍ത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി.
അതിനിടെ ജില്ലയില്‍ കെ റെയിലിനെതിരായ സമരം ശക്തമാകുകയാണ്.ജില്ലയില്‍ 16 പഞ്ചായത്തുകളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുക. 14 വില്ലേജുകളെ പദ്ധതി ബാധിക്കും. വിവിധ രാഷട്രീയ പാര്‍ട്ടികള്‍ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. ജോസഫ് എം പുതുശ്ശേരി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ സ്ഥലത്തെത്തിയിരുന്നു. ബിജെപിയുടെ ശക്തമായ സാന്നിധ്യവും പ്രതിഷേധത്തിലുണ്ട്. ഈ മാസം 24ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പങ്കെടുക്കുന്ന സംരക്ഷണ ജാഥ ബിജെപി കോട്ടയം ജില്ലയില്‍ സംഘടിപ്പിക്കുന്നുണ്ട്.
എറണാകുളം മാമലയിലും കെ റെയിലിനെതിരെ പ്രതിഷേധം ഉണ്ടായി. അതിരടയാള കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ഉദ്യോഗസഥരെ വീടുകളിലേക്ക് പ്രവേശിപ്പിക്കാതെ നാട്ടുകാര്‍ തടഞ്ഞു. പുരയിടങ്ങളിലാണ് ഇവിടെ കല്ലുകള്‍ സ്ഥാപിക്കേണ്ടത്. നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി. കെ റെയില്‍ ഉദ്യോഗസ്ഥരും പൊലീസുകാരും മാത്രമാണ് എത്തിയത്. സര്‍വ്വേ ഉദ്യോഗസ്ഥരെത്താതെ സര്‍വ്വേ നടത്താനാവില്ലെന്ന നിലപാടിലാാണ് നാട്ടുകാര്‍. തുടര്‍ന്ന് പൊലീസിന്റെ സുരക്ഷയോടെ മതിലുകളും ഗേറ്റുകളും ചാടിക്കടന്നാണ് കല്ലുകള്‍ സ്ഥാപിക്കുന്നത്.