ചങ്ങനാശ്ശേരി എസ് ബി കോളജിൽ ബർക്കുമൻസ് ദിനാഘോഷം നാളെ

ചങ്ങനാശ്ശേരി : സെന്റ് ബർക്കുമൻസ് കോളജിന്റെ മധ്യസ്ഥപിതാവായ വിശുദ്ധ ജോൺ ബർക്കുമൻസിന്റെ ചരമദിനമായ നാളെ ( ഓഗസ്റ്റ് 13 ) കോളേജ് ബർക്കുമൻസ് ദിനമായി ആഘോഷിക്കുന്നു. എസ്. ബി കോളേജ് ശതാബ്ദി ആഘോഷിക്കുന്ന ഇത്തവണ വിപുലമായ പരിപാടികളാണ് ബർക്കുമൻസ് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഇറ്റലിയിലെ ആർക്കിയോളജി ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരമുദ്രയോടെ ലഭിച്ച വിശുദ്ധ ജോൺ ബർക്കുമൻസിന്റെ തിരുശേഷിപ്പിന്റെ ഔദ്യോഗിക പ്രതിഷ്ഠാകർമ്മം, ബെനിഫാക്ടർമാരുടെ സമ്മേളനം, ബർക്കുമൻസ് ഡിഫൻസ് അക്കാദമിയുടെ ഉദ്ഘാടനം, ക്യാൻസർ-വൃക്കരോഗികൾക്കുള്ള സഹായപദ്ധതിയായ അമൃതിന്റെ ഉദ്ഘാടനം എന്നിവയാണ് ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

നാളെ വൈകുന്നേരം 4:30ന് കോളജ് ചാപ്പലിൽ അനുഷ്ഠിക്കപ്പെടുന്ന വിശുദ്ധ കുർബാനയെ തുടർന്ന് വിശുദ്ധ ജോൺ ബർക്കുമൻസിന്റെ തിരുശേഷിപ്പ് അതിരൂപതാ വികാരി ജനറാളും കോളേജ് മാനേജരുമായ റവ. ഡോ. തോമസ് പാടിയത്തിന്റെ മുഖ്യകാർമികത്വത്തിൽ പ്രതിഷ്ഠിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനവും ബർക്കുമെൻസ് ഡിഫൻസ് അക്കാഡമി(BEDA), അമൃത് പദ്ധതി എന്നിവയും ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായമെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും.

ബ്രിഗേഡിയർ ഒ. എ. ജെയിംസ്, കമാ. അനിൽ ജോസഫ് എന്നിവർ BEDAയെയും കോളേജിലെ അധ്യാപക-രക്ഷാകർത്തൃസമിതി പ്രസിഡന്റ് സിബി ചാണ്ടി അമൃത് പദ്ധതിയെയും പരിചയപ്പെടുത്തും. കോളേജ് ബർസാർ ഫാ. മോഹൻ മാത്യു ശതാബ്ദി പ്രോജക്ട് അവതരിപ്പിക്കും.

ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി കോളേജ് സംഘടിപ്പിക്കുന്ന ശതാബ്ദി പ്രദർശനമായ സംവിറ്റ് 2.0 ഡോ. ജിജോ ജോസ് പരിചയപ്പെടുത്തും.
കോളേജ് പ്രിൻസിപ്പൽ റവ. ഫാ. റെജി പി. കുര്യൻ, വൈസ് പ്രിൻസിപ്പൽ ഡോ. ബെന്നി മാത്യു എന്നിവർ പ്രസംഗിക്കും.