കൊടുംക്രിമിനലിന്റെ വാഹനം പിന്തുടര്‍ന്ന് പൊലീസ്; ആഡംബര ജീപ്പില്‍ നിന്നും പുറത്തിറങ്ങിയത് വനിതാ പൊലീസ്

പത്തനംതിട്ട: നിരവധി കേസുകളില്‍ പ്രതിയായ കൊടുംക്രിമിനലിനെ പിന്തുടര്‍ന്ന പൊലീസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് വനിതാ പൊലീസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന തിരുവല്ലം ഉണ്ണിയുടെ ആഡംബര വാഹനത്തെ പിന്തുടരുന്നതിനിടെയായിരുന്നു സംഭവം. ഓടിരക്ഷപ്പെട്ട പ്രതിയുടെ വാഹനം പരിശോധിക്കാന്‍ തുടങ്ങിയ പൊലീസിനെ ഞെട്ടിച്ചായിരുന്നു വാഹനത്തില്‍ നിന്നും പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ഇറങ്ങിവന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. 42 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവല്ലം ഉണ്ണി ആഡംബരജീപ്പില്‍ അടൂര്‍ കടന്ന് പത്തനംതിട്ടയിലേക്ക് വന്നിട്ടുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ നിരന്തരം പിന്തുടര്‍ന്നിരുന്ന മുണ്ടക്കയം സിഐയും സംഘവും പൊലീസ് വാഹനത്തില്‍ പിന്നാലെ എത്തി. ഇത് മനസ്സിലാക്കിയ ഉണ്ണി കൈപ്പട്ടൂരില്‍ നിന്ന് ജീപ്പ് അതിവേഗതയില്‍ ഓടിച്ചുപോയി. കോളെജ് ജങ്ഷനില്‍വെച്ച് നാല് വാഹനങ്ങളില്‍ തട്ടി. എന്നിട്ടും നിര്‍ത്താതെ മുന്നോട്ടുപോയ ഇയാള്‍ വാളുവെട്ടുംപാറയിലേക്ക് വാഹനം ഓടിച്ചുകയറ്റി. പൊലീസും പിന്നാലെ ഓടി. എന്നാല്‍ റോഡ് തീര്‍ന്ന ഭാഗത്ത് വെച്ച് വാഹനം ഉപേക്ഷിച്ച് ഇയാള്‍ അപ്രത്യക്ഷനാവുകയായിരുന്നു.

ഉണ്ണിയുടെ ജീപ്പില്‍ നിന്നിറങ്ങിയ വനിതയെ കണ്ട പൊലീസ് അയാള്‍ എങ്ങോട്ടുപോയെന്ന് ചോദിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ടെന്നായിരുന്നു മറുപടി. പിന്നീടാണ് മുണ്ടക്കയം പൊലീസിന് ഇവര്‍ പത്തനംതിട്ട സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണെന്ന് മനസ്സിലായത്. ഇവരില്‍ നിന്ന് മേലുദ്യോഗസ്ഥ വിശദീകരണം തേടിയിട്ടുണ്ട്. പത്തനംതിട്ടയ്ക്ക് വരാന്‍ അടൂരില്‍ വണ്ടി കാത്തുനിന്ന തന്നെ, ട്രാഫിക് പൊലീസ് അതുവഴി വന്ന ജീപ്പ് കൈകാട്ടി നിര്‍ത്തി കയറ്റിവിടുകയായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥയുടെ വിശദീകരണം. തന്റെ വാഹനത്തില്‍ തട്ടിയ ഉണ്ണിയേയും കൂട്ടി പത്തനംതിട്ട സ്റ്റേഷനിലേക്ക് വരികയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞതായും വിവരമുണ്ട്.