ന്യൂഡെൽഹി: ദുബൈയില്‍ നിന്ന് ഡെൽഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്ന് തോക്ക് കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം തുടരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് തോക്കുമായി ഒരു യാത്രക്കാരന് പിടിയിലായതെന്ന് ഡെൽഹി കസ്റ്റംസ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.
ഫ്ലൈ ദുബൈ FZ 451 വിമാനത്തിലാണ് ഇയാള്‍ ഡെൽഹിയിലെത്തിയത്. കസ്റ്റംസ് പരിശോധനയില്‍ റിവോള്‍വര്‍ കണ്ടെടുക്കുകയായിരുന്നു. വെടിയുണ്ടകള്‍ നിറയ്ക്കുന്ന രണ്ട് ഒഴിഞ്ഞ കെയ്സുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി കസ്റ്റംസിന്റെ ട്വീറ്റില്‍ പറയുന്നു.
പിടിച്ചെടുത്ത തോക്കിന്റെ ചിത്രവും കസ്റ്റംസ് അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. കസ്റ്റംസിന്റെ ട്വീറ്റ് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സംഭവത്തെ തങ്ങള്‍ ഗൗരവമായാണ് എടുക്കുന്നതെന്നും ഫ്ലൈ ദുബൈ അധികൃതര്‍ അറിയിച്ചതായി യുഎഇയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്ലൈ ദുബൈയും വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.