ശ്രീഹരിക്കോട്ട: ആറു മാസത്തെ ഇടവേളയ്ക്കുശേഷം മറ്റൊരു വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി52ന്റെ വിക്ഷേപണം തിങ്കളാഴ്ച രാവിലെ 5.59ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ ആദ്യ വിക്ഷേപത്തറയില്‍നിന്നാണ് റോക്കറ്റ് കുതിച്ചുയരുക.
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-04 ഭ്രമണപഥത്തിലെത്തിക്കുകയാണ് പിഎസ്എല്‍വി-സി52 റോക്കറ്റിന്റെ പ്രധാന ദൗത്യം. 1710 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-04 ഉപഗ്രഹം 529 കിലോമീറ്റര്‍ ഉയരത്തിലുള്ള സൗരസ്ഥിര ഭ്രമണപഥത്തിലേക്കാണ് റോക്കറ്റ് എത്തിക്കുക.മറ്റു രണ്ട് ഉപഗ്രഹങ്ങളെക്കൂടി പിഎസ്എല്‍വി-സി52 വഹിക്കും.
തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐഐഎസ്ടി) വിദ്യാര്‍ഥികള്‍ കൊളറാഡോ സര്‍വകലാശാലയിലെ ലബോറട്ടറി ഓഫ് അറ്റ്മോസ്ഫെറിക് ആന്‍ഡ് സ്പേസ് ഫിസിക്സുമായി സഹകരിച്ച് നിര്‍മിച്ച ഇന്‍സ്പയര്‍ സാറ്റ്-1, ഇന്ത്യ-ഭൂട്ടാന് സംയുക്ത ഉപഗ്രഹമായ ഐഎന്‍എസ്-2ബിയുടെ മുന്‍ഗാമിയായ ഐഎസ്ആര്‍ഒയുടെ സാങ്കേതിക വിദ്യാ പരീക്ഷണ ഉപഗ്രഹമായ ഐഎന്‍എസ്-2ടിഡി എന്നിവയാണ് അവ.